കൊച്ചി: (https://truevisionnews.com/) ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. അടിമാലി സ്വദേശിനി അനുഷയെയാണ് കൊച്ചി പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2019 മുതൽ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടിൽ നിന്ന് ഇറങ്ങും. ബാങ്കിൽ സ്വർണ്ണം വെച്ചാൽ കൂടുതൽ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവർ സ്വർണ്ണം വാങ്ങിയെടുത്തത്.
ഇങ്ങനെ ലഭിച്ച സ്വർണ്ണം പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുൺ കോതമംഗലത്തെ ബാങ്ക് ശാഖയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അനുഷ എന്ന പേരിൽ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു.
എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ൽ അരുൺ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കിൽ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുൺ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.
സ്വർണം നിക്ഷേപിച്ചവർ തിരികെ ചോദിച്ചു വന്നതോടെയാണ് പ്രതി ഡൽഹിയിലേക്ക് കടന്നതെന്നാണ് വിവരം.ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഡൽഹിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് പിടികൂടി.
Woman's gold stolen by making her believe she has a job at a bank in Kochi

































