തിരുവനന്തപുരം : (https://truevisionnews.com/) കോളേജിൽ പഠിക്കുന്ന കാലത്ത് ഉച്ചഭക്ഷണത്തിന് പോലും വകയില്ലാത്ത ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ആരോടും പരിഭവമില്ലാതെ ആത്മവിശ്വാസത്തോടെയാണ് ആ നാളുകളെ നേരിട്ടതെന്നും പിണറായി വിജയൻ.
വിദ്യാർത്ഥി ജീവിതകാലത്ത് താൻ അനുഭവിച്ച ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും കുറിച്ച് മനസ്സുതുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ചടങ്ങിൽ സംവദിക്കവെയാണ് മുഖ്യമന്ത്രി തന്റെ പഴയകാല സ്മരണകൾ പങ്കുവെച്ചത്.
തന്റെ നാട്ടിൽ ‘ഒറോട്ടി’ എന്ന് വിളിക്കുന്ന അരികൊണ്ടുണ്ടാക്കിയ വിഭവം അമ്മ തന്നുവിടുമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർത്തെടുക്കുന്നു. “ഒരു ഫയൽ ബോർഡിനുള്ളിൽ വെച്ചാണ് ഇത് കോളേജിലേക്ക് കൊണ്ടുപോയിരുന്നത്. ഉച്ചയ്ക്ക് അതായിരുന്നു ആഹാരം. എന്നാൽ എല്ലാ ദിവസവും അത് ഉണ്ടാകണമെന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
താൻ എപ്പോഴും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചു തുടങ്ങിയതിനെക്കുറിച്ചും മുഖ്യമന്ത്രി വെളിപ്പെടുത്തി. തനിക്ക് കുറച്ച് വസ്ത്രങ്ങൾ മാത്രമേ ഉള്ളൂ എന്ന് മറ്റുള്ളവർ അറിയാതിരിക്കാനാണ് ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തത്. ഒരേ നിറമാകുമ്പോൾ വസ്ത്രങ്ങൾ മാറുന്നത് ആരും ശ്രദ്ധിക്കില്ല എന്നതായിരുന്നു അന്നത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാൻ പഠിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പുതുതലമുറയ്ക്ക് നൽകിയത്. “നമ്മുടെ സാഹചര്യത്തിനനുസരിച്ച്, കഴിവിനനുസരിച്ച് ജീവിക്കുക എന്നതാണ് പ്രധാനം. ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിക്കണം. പ്രധാനമായും തെറ്റായ വഴികളിലേക്ക് നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വെല്ലുവിളികളെ സാധാരണ നിലയ്ക്ക് കണ്ട് മുന്നോട്ട് പോകാൻ ശീലിക്കണം,” മുഖ്യമന്ത്രി പറഞ്ഞു.
ChiefMinister pinarayivijayan shares his memories of poverty during college





























