---
title: "എബ്രിഡ് ഷൈന്റെ 'സ്പാ'യ്ക്ക് എ സർട്ടിഫിക്കറ്റ്; ചിത്രം ഫെബ്രുവരി 12-ന് റിലീസ് ചെയ്യും"
english_title: "Abrid Shine's latest film is 'Spa'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340352/abrid-shines-latest-film-is-spa"
published_at: "2026-02-05T17:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698482d0c19e5_15.jpg"
keywords: []
---

# എബ്രിഡ് ഷൈന്റെ 'സ്പാ'യ്ക്ക് എ സർട്ടിഫിക്കറ്റ്; ചിത്രം ഫെബ്രുവരി 12-ന് റിലീസ് ചെയ്യും

> **Lead Summary:** **എ**ബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സ്പാ’യ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. ചിത്രം ഫെബ്രുവരി 12-ന് തിയേറ്ററുകളിലെത്തും. എബ്രിഡ് ഷൈന്റെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

## Article Content

**എ**ബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘സ്പാ’യ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകി. ചിത്രം ഫെബ്രുവരി 12-ന് തിയേറ്ററുകളിലെത്തും. എബ്രിഡ് ഷൈന്റെ സിനിമാജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

ഹാസ്യത്തിന് മുൻഗണന നൽകി ഒരുക്കിയിരിക്കുന്ന ചിത്രം 18 വയസ്സിന് മുകളിലുള്ള ഏവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒന്നാണെന്ന് സംവിധായകൻ പറഞ്ഞു.

ഒരു സ്പാ സെന്ററിനെ ചുറ്റിപ്പറ്റിയുള്ള കഥയും അവിടെയെത്തുന്ന വ്യക്തികളുടെ രസകരമായ അനുഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മുൻനിര താരങ്ങളുടെ സാന്നിധ്യമില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരുപിടി കലാകാരന്മാർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ശ്രുതി മേനോൻ, പൂജിത മേനോൻ, നീന കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ഛബ്രയാണ് സംഗീത സംവിധായകൻ. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ തുടങ്ങിയവരാണ് വരികൾ രചിച്ചിരിക്കുന്നത്.

മനോജ് എഡിറ്റിംഗും എം.ആർ. രാജകൃഷ്ണൻ ഫൈനൽ മിക്സിംഗും നിർവഹിച്ചു. ഷിജി പട്ടണമാണ് പ്രൊഡക്ഷൻ ഡിസൈനർ. സൈബർ സിസ്റ്റം ഓസ്ട്രേലിയ ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യുമ്പോൾ, കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സ്പാറയിൽ & വൈറ്റ് ചാരിയറ്റ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/340352/abrid-shines-latest-film-is-spa)