മലപ്പുറം: ( www.truevisionnews.com ) നഗരസഭ പരിധിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന 'ഓപറേഷൻ ഹെൽത്ത് ഷീൽഡ്' രണ്ടാം ഘട്ട പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. റോഡ് കൈയേറി വാഹനങ്ങളിൽ മത്സ്യവിൽപന നടത്തുന്നവരെ കണ്ടെത്താൻ നഗരസഭ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. കക്കാട് ജങ്ഷനില്‍ പൊതു റോഡില്‍ മത്സ്യവില്‍പന നടത്തിവന്ന വാഹനവും മമ്പുറം ജങ്ഷനില്‍ മത്സ്യവില്‍പന നടത്തിയ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. രണ്ട് വാഹനത്തില്‍ നിന്നും ദിവസങ്ങളോളം പഴക്കം ചെന്നതും ഐസ് ഇടാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോയോളം മാന്തള്‍, കിളിമീന്‍, ദ്വീപ് അയല എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ റോഡ് കൈയേറി കച്ചവടം ചെയ്യുന്ന ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധന നടത്തിയത്. ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഏഴ് വാഹനങ്ങളില്‍ നിന്നും അനധികൃത കച്ചവടക്കാരില്‍ നിന്നും നഗരസഭ 1.5 ലക്ഷം രൂപ പിഴ ഇനത്തില്‍ ഈടാക്കിയിരുന്നു.
ഓരോ വാഹനത്തിനും 10,000 രൂപ വീതം പിഴ ഈടാക്കിയാണ് വാഹനം വിട്ട് നല്‍കിയത്. പരിശോധനയുടെ ഭാഗമായി വില്ലേജ് ഓഫിസ് പരിസരത്തും കോഴിക്കോട് റോഡിലും കച്ചവടക്കാര്‍ കുറഞ്ഞിട്ടുണ്ട്. അനധികൃത വ്യാപാരം പൂര്‍ണമായും നിരോധിച്ച ഈ മേഖലയില്‍ പൊതു റോഡ് കൈയേറി കച്ചവടം ചെയ്യുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന ഹെല്‍ത്ത് എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ സെക്രട്ടറി റംസി ഇസ്മായില്‍ നേതൃത്വം നല്‍കി. പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ പ്രകാശന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മോഹന്‍ദാസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി പി സ്മിത, കെ വിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
60 kg of stale fish stored without ice seized in Malappuram, two vehicles taken into custody

































