തിരുവനന്തപുരം: ( www.truevisionnews.com ) മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് എന്തു കൊണ്ടെന്ന് കോടതി. വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തി പ്രോസിക്യൂഷന്‍ അനുമതി കേന്ദ്രം നല്‍കാത്ത കാരണത്താലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയെങ്കിലും ഇതു തൃപ്തികരമല്ലെന്നു കോടതി അറിയിച്ചു.
വിശദമായ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നാസീറയുടെതാണ് ഉത്തരവ്. കേസില്‍ വിമാനസുരക്ഷാ നിയമം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് പൊലീസിനു തിരിച്ചടിയായിരുന്നു. 2024 ഏപ്രിലിലാണ് കുറ്റപത്രം പ്രോസിക്യൂഷന്‍ അനുമതിക്കായി കേന്ദ്രത്തിന് അയച്ചത്.
കേസിലെ ഒന്നാം പ്രതി ഫര്‍സീന്‍ മജീദ് തന്റെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ഇന്നു പരിഗണിച്ചത്. എന്നാല്‍, ഇതില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതു മൂലം ഹര്‍ജി പരിഗണിക്കുന്നത് രണ്ട് തവണകളായി മാറ്റിയതാണ് കോടതിയെ കര്‍ശന നടപടിക്കു പ്രേരിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികള്‍.
2022 ജൂണ്‍ 13നാണ് കേസിനാപ്ദമായ സംഭവം. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തിറങ്ങിയ ഇന്‍ഡിഗോ 6 ഇ- 7407 വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍.കെ. നവീന്‍കുമാര്‍ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു.
അന്ന് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയില്‍ വലിയതുറ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ഗൂഢാലോചനയില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെ പ്രതി ചേര്‍ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത് എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. വധശ്രമത്തിനു പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തിയിരുന്നു. വിമാനത്തില്‍ വച്ച് യാത്രക്കാരനെ അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നും വിമാനത്തിനു കേടുപാടുണ്ടാക്കിയെന്നുമുള്ള വകുപ്പുകളാണ് ചുമത്തിയത്. വ്യോമയാന നിയമം ഉള്‍പ്പെടുത്തിയതിനാല്‍ അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിനു റിപ്പോര്‍ട്ട് കൈമാറി.
എന്നാല്‍ മൂന്നു വര്‍ഷത്തോളമായി കേന്ദ്രം അനുമതി നല്‍കിയില്ല. പല പ്രാവശ്യം സര്‍ക്കാര്‍ കത്തെഴുതിയതിനെ തുടര്‍ന്ന് 2025 സെപ്റ്റംബറിലാണ് കേന്ദ്രം അനുമതി നിഷേധിച്ച് മറുപടി നല്‍കിയത്. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫര്‍സീന്‍ മജീദും നവീന്‍കുമാറും നല്‍കിയ പരാതിയില്‍ ജയരാജനെതിരെയും കേസെടുത്തിരുന്നു.
The case of an attempt to assassinate the Chief Minister on a plane; the court strongly criticized


































