തിരുവനന്തപുരം: ( www.truevisionnews.com ) വിദ്യാഭ്യാസമേഖലയിൽ പുത്തൻ മാറ്റങ്ങൾക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച് സ്കൂൾ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതിൽ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഭരണഘടന ആമുഖം പാഠപുസ്തകത്തിലുണ്ട്, അത് സ്പെഷ്യൽ അസംബ്ലിയിൽ ചൊല്ലണം, ബാക്ക് ബെഞ്ചർമാരെ ഒഴിവാക്കണം, അവധി ദിവസം ക്ലാസ് പാടില്ല, അധ്യാപകരുടെ ജന്മദിനത്തിൽ കുട്ടികളിൽ നിന്നും ഗിഫ്റ്റ് വാങ്ങരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.
മുൻകാല വിദ്യാർഥികൾക്ക് വേണ്ടി പുതിയ ബൈ ലോ നിർമിക്കും. ജില്ലാ, ഉപജില്ലാ കലോത്സവത്തിൽ ജഡ്ജസായി മറ്റ് സ്കൂളുകളിൽ നിന്നുള്ളവരെ നിയമിക്കും. 1-12 വരെയുള്ള കുട്ടികൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഈ അധ്യയന വർഷം തന്നെ നടപ്പിലാക്കാൻ ശ്രമത്തിലാണ്. അതിനുള്ള രജിസ്ട്രേഷൻ നടപടികൾ സ്കൂൾ തലത്തിൽ ഉടൻ തന്നെ ആരംഭിക്കും. ആ പദ്ധതിയുടെ പേര് പൊതുജനങ്ങൾക്ക് നിർദേശിക്കാം. തെരഞ്ഞെടുത്ത പേരിന് ആകർഷകമായ സമ്മാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥികൾ സോഷ്യൽ മീഡിയ അഡിക്ഷനിലേക്ക് പോകുന്നു എന്നത് യാഥാർഥ്യമാണ്. അതിനെതിരെ വിവേകപരമായ നടപടിയാണ് നമുക്ക് വേണ്ടത്. സോഷ്യൽ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന് ഉന്നയിച്ച് കൊണ്ടുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, യുഡിഎഫിൻ്റെ കടക്ക് പുറത്തെന്ന ഡിജിറ്റൽ ക്യാംപെയിനേയും ശിവൻകുട്ടി വിമർശിച്ചു. വ്യാജ കുറ്റപത്രം ഇറക്കുന്നതിന് പകരം സർക്കാരിൻ്റെ ക്ഷേമ പദ്ധതികളിൽ പങ്കാളി ആവാൻ ശ്രമിക്കൂ എന്ന് ശിവൻകുട്ടി പറഞ്ഞു. യുഡിഎഫിൻ്റെത് വെറും രാഷ്ട്രീയ നാടകമാണ്. ജനങ്ങളുടെ ഹൃദയത്തിൽ ആണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം.
അവിടെ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കാമെന്ന് ആരും കരുതേണ്ട എന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. യുഡിഎഫ് പറയുന്നത് എല്ലാം കള്ളമാണ്. സ്പെഷ്യൽ എഡ്യുക്കേറ്റർ വിഭാഗത്തിൽ 7,000 പേർ ഡെപ്യുട്ടേഷനിലുണ്ട്. സംസ്ഥാന സർക്കാരാണ് അവർക്കുള്ള പണം നൽകുന്നത്. അല്ലാതെ കേന്ദ്രത്തിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
No classes during holidays don't buy gifts from children on teacher birthdays Education Minister issues instructions




























