ആലപ്പുഴ: ( www.truevisionnews.com ) എൻ.എസ്.എസുമായുള്ള ഐക്യനീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. എൻ.എസ്.എസുമായി വൈകാതെ ഐക്യം സാധ്യമാകുമെന്ന് എസ്.എൻ.ഡി.പി മുഖപത്രമായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി പ്രതീക്ഷ പങ്കുവെച്ചു.
ഭൂരിപക്ഷ വിഭാഗം ഏറെ കാലമായി ഒറ്റപ്പെട്ട നിലയിലാണെന്നും ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവർക്ക് അധോഗതിയാണെന്നും ലേഖനത്തിൽ പറയുന്നു. ഐക്യനീക്കം അടഞ്ഞ അധ്യായമാണെന്നും അതിന് സാധ്യതയില്ലെന്നും നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
ഐക്യനീക്കത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. രാഷ്ട്രീയ പാർട്ടികളിൽ മതന്യൂനപക്ഷങ്ങളുടെ സ്വാധീനം മൂലം ഭൂരിപക്ഷ വിഭാഗം അവഗണിക്കപ്പെടുകയാണ്. ഇതിനെതിരെ സമാന ചിന്താഗതിക്കാർ ഒന്നിക്കണം. ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവർ അധോഗതിയിലേക്ക് പോകും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഐക്യ നീക്കവുമായി മുന്നോട്ടുപോകുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.
ഐക്യനീക്കത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമായതിന്‍റെ പശ്ചാത്തലത്തിലാണ് പിന്മാറുന്നതെന്ന് സുകുമാരൻ നായർ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയേയും മകൻ തുഷാറിനെയും സുകുമാരൻ നായർ വിമാർശിക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും മറുപടിയോ വിശദീകരണമോ യോഗനാദത്തിലെ ലേഖനത്തിലില്ല. സമുദായത്തിൽ തനിക്കെതിരെ നിൽക്കുന്നവരെയും ന്യൂനപക്ഷ സംഘടനകളെയും ഉൾപ്പെടെ വെള്ളാപ്പള്ളി വിമർശിക്കുന്നു. എൻ.എസ്.എസുമായി അടുക്കാനുള്ള അവസരം ഇനിയുമുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ സൂചിപ്പിക്കുന്നു.
ജനുവരി 18നാണ് എൻ.എസ്.എസുമായി ഐക്യം രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യമായി വ്യക്തമാക്കിയത്. ഐക്യത്തോട് വളരെ പെട്ടെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചതും.
കൂടാതെ, ഐക്യ ചർച്ചക്ക് ദൂതനായി തുഷാറിനെ അയക്കുമെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും തുഷാറിനെ മകനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരൻ നായരും മാധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു. തുഷാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ചേരുമെന്നും ഐക്യം സംബന്ധിച്ച അന്തിമ നിലപാട് എടുക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എന്നാൽ, ഐക്യത്തിന്‍റെ പിന്നിൽ രാഷ്ട്രീയമാണെന്ന തിരിച്ചറിവാണ് എൻ.ഡി.എ കൺവീനറായ തുഷാറുമായുള്ള കൂടിക്കാഴ്ച നടക്കും മുമ്പ് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് വിളിച്ചു ചേർത്ത് ഐക്യനീക്കത്തിൽ നിന്ന് പിന്മാറുന്നതായി സുകുമാരൻ നായർ പ്രഖ്യാപിക്കുന്നതിന് പിന്നിൽ. എസ്.എൻ.ഡി.പിയുമായുള്ള ഐക്യം സാധ്യമാകില്ല എന്നതിന്‍റെ വ്യക്തമായ നിരീക്ഷണമാണ് എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താകുറിപ്പിലുള്ളത്.
“പല കാരണങ്ങളാലും പല തവണ എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാൽ തന്നെ വ്യക്തമാകുന്നു. എൻ.എസ്.എസിന്‍റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാൽ വീണ്ടും ഒരു ഐക്യം പ്രായോഗികമല്ല.
പ്രത്യേകിച്ച് എൻ.എസ്.എസിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാട് ഉള്ളതിനാൽ. മറ്റെല്ലാ സമുദായങ്ങളോടും എന്ന വണ്ണം എസ്.എൻ.ഡി.പിയോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം” -വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
നാലാം തവണയാണ് എൻ.എസ്.എസ് - എസ്.എൻ.ഡി.പി. ഐക്യം പൊളിയുന്നത്. 1976ലും 2005ലും 2012ലുമായിരുന്നു മുമ്പ് ഐക്യശ്രമങ്ങൾ ഉണ്ടായത്. ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന യു.ഡി.എഫ് സർക്കാരിൽ ന്യൂനപക്ഷം പിടിമുറുക്കുന്നുവെന്ന ആരോപണം ഉന്നയിച്ചായിരുന്നു 2012ലെ ഐക്യനീക്കം. രണ്ട് വർഷത്തിനുള്ളിൽ ഈ ഐക്യം തകർന്നു. ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയിലെ താക്കോൽ സ്ഥാനം എന്നിവയാണ് എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഇടയിൽ അഭിപ്രായ ഭിന്നത ഉടലെടുക്കാനും ഐക്യം തകരാനും വഴിവെച്ച വിഷയങ്ങൾ.
vellappally natesan again raises hopes for unity with nss




























.jpeg)
