---
title: "'സംഭവിച്ചത് ഞങ്ങളുടെ ജീവിതമാണ്, കൂട്ടക്കൊലയ്ക്ക് ശേഷം വീടുവിട്ടു'; സിനിമയ്ക്കെതിരെ വെഞ്ഞാറമൂട് കേസിലെ പ്രതി അഫാന്‍റെ പിതാവ്"
english_title: "Father of Afan, accused in Venjaramoodu case, against the movie 'Kaalam Parang Katha'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/339799/father-of-afan-accused-in-venjaramoodu-case-against-the-movie-kaalam-parang-katha"
published_at: "2026-02-03T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69818b4eebb50_against_the_movie_Kaalam_Parang_Katha.jpg"
keywords: []
---

# 'സംഭവിച്ചത് ഞങ്ങളുടെ ജീവിതമാണ്, കൂട്ടക്കൊലയ്ക്ക് ശേഷം വീടുവിട്ടു'; സിനിമയ്ക്കെതിരെ വെഞ്ഞാറമൂട് കേസിലെ പ്രതി അഫാന്‍റെ പിതാവ്

> **Lead Summary:** **തിരുവനന്തപുരം: [**കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ അഫാന്റെ പിതാവ് അബ്ദുൾ റഹീമാണ് ഹർജി നൽകിയത്.

## Article Content

**തിരുവനന്തപുരം: [**കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതിയായ അഫാന്റെ പിതാവ് അബ്ദുൾ റഹീമാണ് ഹർജി നൽകിയത്.

ഫെബ്രുവരി ആറിന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് അബ്ദുൾ റഹീം നിയമനടപടിയുമായി രംഗത്തെത്തിയത്. തന്റെയും കുടുംബത്തിന്റെയും ജീവിതമാണ് സിനിമയുടെ ഇതിവൃത്തമെന്നും, ഇത്തരമൊരു ചിത്രം നിർമ്മിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് അറിഞ്ഞതെന്നും ഹർജിയിൽ പറയുന്നു.

സംഭവിക്കാൻ പാടില്ലാത്തതാണ് അന്ന് സംഭവിച്ചതെങ്കിലും അത് ഞങ്ങളുടെ ജീവിതമാണ്. അത് ഏതുതരത്തിലാണ് സിനിമയായതെന്ന് അറിയില്ല. സിനിമ കാണുകയോ അണിയറ പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സാമൂഹിക മാധ്യമം വഴിയാണ് വിവരം അറിഞ്ഞത്. സിനിമയുടെ കഥ എന്താണെന്നോ തിരക്കഥ എന്താണെന്നോ അറിയിച്ചിട്ടില്ല. വെഞ്ഞാറമൂട് കൂട്ടക്കൊലയാണ് കഥയാണെന്നാണ് അറിഞ്ഞത്. കഥാപാത്രങ്ങളുടെ പേരുകളും പശ്ചാത്തലവുമാണ് മാത്രമാണ് മാറ്റമെന്നാണ് അറിഞ്ഞത്. കൂട്ടക്കൊലപാതകത്തിന്‍റെ കേസും വിചാരണയുമൊക്കെ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമ ഈ ഘട്ടത്തിൽ റിലീസ് ചെയ്യരുതെന്നും അഫാന്‍റെ പിതാവ് പറഞ്ഞു. കുടുംബത്തെ തെറ്റായി ചിത്രീകരിക്കുന്നതടക്കം കേസിനെ ബാധിക്കുമെന്നാണ് അഫാന്‍റെ പിതാവിന്‍റെ വാദം. കൂട്ടക്കൊലപാതകത്തിനുശേഷം നാട്ടിൽ നിന്ന് പോയ അബ്ദുള്‍ റഹീമും ഭാര്യയും മറ്റൊരു ജില്ലയിലാണ് കഴിയുന്നത്. അമിത പലിശയാണ് കുടുംബത്തെ ഈ വിധത്തിലാക്കിയതെന്നും പലിശക്കാര്‍ നിരന്തരം ഭീഷണി തുടരുകയാണെന്നുമാണ് റഹീം പറയുന്നത്.

ഇന്നലയാണ് കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റഹീം ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. അതേസമയം, കാലം പറഞ്ഞ കഥ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൂട്ടക്കാലപാതകവുമായി ബന്ധമില്ലെന്നും കേരളത്തിൽ നടന്ന പല സംഭവങ്ങളെ കോർത്തിണക്കിയാണ് സിനിമയെന്നും സംവിധായകൻ പ്രസാദ് നൂറനാട് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കം സിനിമയിലുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചതെന്നും പ്രസാദ് നൂറനാട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/339799/father-of-afan-accused-in-venjaramoodu-case-against-the-movie-kaalam-parang-katha)