കൊച്ചി:( www.truevisionnews.com ) വെഞ്ഞാറമൂട് അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പ്രതി അഫാന്റെ പിതാവ് റഹീമാണ് കോടതിയെ സമീപിച്ചത്. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് സിനിമ പുറത്തിറങ്ങുന്നത് നീതിപൂർണ്ണമായ നിയമനടപടികളെ ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.
ഫെബ്രുവരി ആറിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് സാക്ഷികളെ സ്വാധീനിക്കാനും അനാവശ്യമായ മാധ്യമ വിചാരണയ്ക്കും ഇടയാക്കുമെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വിഷയത്തിൽ വ്യക്തത തേടും.
2025 ഫെബ്രുവരി 25-നായിരുന്നു കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. 23 വയസ്സുകാരനായ അഫാൻ തന്റെ കുടുംബാംഗങ്ങളടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ സാജിത, പിതാമഹി സൽമ ബീവി എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.
Venjaramoodu massacre case; Accused's father wants to stop making a movie
































