തിരുവനന്തപുരം: (https://truevisionnews.com/) മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റി പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) ന് 43 വർഷം കഠിനതടവും 40000 രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിന്യായതിൽ വ്യക്തമാക്കി.
2021 സെപ്റ്റംബർ 30-നും ഒക്ടോബർ 15-നും ഇടയിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്നുപറഞ്ഞ് ശൗചാലയത്തിൽ കയറ്റിയാണ് അതിജീവിതയെ പീഡിപ്പിച്ചത്.
പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കുട്ടി പുറത്ത് പറഞ്ഞില്ല. രണ്ടാമത്തെ സംഭവത്തിനുശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു. കുട്ടി പരിഭ്രമിച്ച് നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം.ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്.
Woman forced into toilet on pretext of giving her sweets; accused sentenced to 43 years in prison and fined

































