തിരുവനന്തപുരം: ( www.truevisionnews.com ) നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. സാധാരണ നിലയിൽ ഗവർണർ കത്തയക്കുമ്പോൾ സ്പീക്കർക്കാണ് ആദ്യം നൽകേണ്ടത്. മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തനിക്ക് കിട്ടിയത്.
ഹൈലി കോൺഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. കത്തിൻ്റെ പകർപ്പാണോ സ്പീക്കർക്ക് നൽകേണ്ടതെന്നും ഗവർണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കർ.
സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിലായിരുന്നു അസാധാരണ സംഭവവികാസങ്ങളുണ്ടായത്. സഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിൻ്റെ മുഴുവൻ ഭാഗങ്ങളും ഗവർണർ രാജേന്ദ്ര അർലേക്കർ വായിച്ചില്ല. നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തിയായിരുന്നു ഗവർണർ വായിച്ചത്.
എന്നാൽ, ഗവർണറുടെ നയപ്രഖ്യാപനത്തിന് പിന്നാലെ അസാധാരണ നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഗവർണർ വായിക്കാത്ത ഭാഗങ്ങൾ വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാരുള്ളത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ സഭാരേഖകളിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
പ്രസംഗിക്കാത്ത ഭാഗം നീക്കം ചെയ്യാൻ ഗവർണർ ആവശ്യപ്പെട്ടാൽ സർക്കാർ അത് പാലിക്കാൻ ബാധ്യസ്ഥമാണെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും, ഈ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. അതേസമയം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ വിശദീകരിച്ചു.
അഞ്ചാമത് ലോകകേരള സഭ ജനുവരി 29, 30, 31 തീയതികളിൽ നടത്തുമെന്നും 125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
will not respond to governors letter speaker an shamseer clarifies stance on policy speech controversy





























