കണ്ണൂർ: (https://truevisionnews.com/) പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം കൗൺസിലർ വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ച് രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിഷാദ് അടിയന്തര പരോളിലിറങ്ങിയപ്പോഴാണ് നിയമങ്ങൾ കാറ്റിൽ പറത്തി പാർട്ടി പരിപാടിയിൽ സജീവമായത്.
പരോൾ കാലാവധിയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രകടനങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന കർശന നിയമം നിലനിൽക്കെയാണ് പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സി.പി.എം പ്രതിഷേധത്തിൽ നിഷാദ് പങ്കെടുത്തത്. ജയിൽ ചട്ടങ്ങളുടെ ലംഘനം നടന്ന സാഹചര്യത്തിൽ നിഷാദിന്റെ പരോൾ റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പരോൾ നേടിയ നിഷാദ്, ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സി പി എം പ്രകടനത്തിൽ പങ്കെടുക്കുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പരോൾ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്.
പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു.
നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോൾ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം.
Parole for political activities? CPM councilor violates parole rules and protests; Controversy over VK Nishad


































