തിരുവനന്തപുരം: ( www.truevisionnews.com ) സ്ത്രീകളോട് തനിക്ക് ആദരവും സ്നേഹവും ബഹുമാനവും കരുതലുമാണ് ഉള്ളതെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കൂടെ അഭിനയിച്ച ഒരാളും തന്നെക്കുറിച്ച് മോശം പറയില്ലെന്നും അതാണ് ഹേമ കമ്മിറ്റിയില്‍ പോലും തന്‍റെ പേര് ആരും പരാമര്‍ശിക്കാതിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഡിഡി ടോക്സിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഭാഗ്യം കൊണ്ട് ഹേമ കമ്മിറ്റിയില്‍ നിന്ന് രക്ഷപെട്ട ആളല്ല താനെന്നും ഒരു ജ്യേഷ്ഠ സഹോദരന്‍റെ സ്ഥാനത്ത് നിന്നാണ് താന്‍ പെരുമാറാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. കൂടെ അഭിനയിച്ച ആരോടും നിങ്ങള്‍ക്ക് ചോദിക്കാം. ഒരാളും മോശമായി അഭിപ്രായം പറയില്ല. അവരോട് ഞാന്‍ വളരെ സ്നേഹത്തിലാണ് പെരുമാറാറുള്ളത്. എന്‍റെ അമ്മയോട് എനിക്ക് വളരെ സ്നേഹമായിരുന്നു. സ്ത്രീകളോട് വളരെ ബഹുമാനത്തോടെയും ആദരവോടെയും അവരോട് വളരെ കരുതലോടെയും മാത്രമേ ഇടപെടാറുള്ളൂ.
അതെനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഇതിലൊന്നും നമ്മുടെ പേര് ആരും പരാമര്‍ശിക്കാത്തത്. ഭാഗ്യം കൊണ്ട് രക്ഷപെട്ടതല്ല.ഞാന്‍ അങ്ങനെ ചെയ്യില്ല. കാരണം എന്നെപ്പറ്റി ഒരു സഹോദരനെപ്പോലെയോ, സുഹൃത്തിനെ പോലെയോ ഉള്ള സ്നേഹബന്ധമാണ് ഉള്ളതെന്ന് പലരും പറഞ്ഞിട്ടുണ്ട്. അവരെല്ലാം ജ്യേഷ്ഠനെപ്പോലെയാണ് കരുതുന്നത്'- ഗണേഷ് കുമാര്‍ വിശദീകരിച്ചു.
ജീവിതത്തില്‍ താന്‍ ഒരാളെയും ഉപദ്രവിച്ചിട്ടില്ലെന്നും അങ്ങനെയെങ്കില്‍ താന്‍ ഇന്ന് മന്ത്രിയായി ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് ഓരോരുത്തരെ രാഷ്ട്രീയ എതിരാളികള്‍ ഇറക്കാറുണ്ടെന്നും ആദ്യത്തെ ഇലക്ഷന്‍ മുതല്‍ തന്നെക്കുറിച്ച് പലവൃത്തികേടുകളും പറയുന്നുണ്ടെന്നും എന്നിട്ടും താന്‍ ജയിച്ചില്ലേ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പാകുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന്‍റെ വോട്ട് പിടിക്കാന്‍ ആരെങ്കിലും ഇറങ്ങിയിട്ട് ഉമ്മന്‍ചാണ്ടിയുടെ കഥ പറയും.തികഞ്ഞ ജാതി പ്രചരണമാണത്.ഉമ്മന്‍ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ല'- അദ്ദേഹം വിശദീകരിച്ചു. താന്‍ മദ്യപിക്കുന്ന ആളല്ലെന്നും തന്നെ കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ ബോധവാനല്ലെന്നും മന്ത്രി വ്യക്തമാക്കി.മനസാക്ഷിക്ക് മുന്നില്‍ മിടുക്കനാണോ എന്ന് മാത്രമേ നോക്കാറുള്ളൂവെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പത്താനാപുരത്തുകാരുടെ കാര്യത്തില്‍ ഒരു വിശ്വാസക്കുറവും ഇല്ലെന്നും നാട്ടുകാര്‍ക്ക് തന്നോട് സ്നേഹമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു. പത്താനാപുരത്ത് ഇന്ന് കാണുന്നതെല്ലാം ഞാന്‍ കൊണ്ടുവന്നതാണ്. 25 വര്‍ഷം കൊണ്ടുള്ള എന്‍റെ കഠിനാധ്വാനമാണ്. ആ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിച്ചതെല്ലാം കൊണ്ടുകൊടുക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്. ഇതൊക്കെ ആയിട്ടും എന്നെ വേണ്ടെന്ന് തോന്നിയാല്‍ അത് അംഗീകരിക്കു'മെന്നും അദ്ദേഹം പറഞ്ഞു.
kb ganesh kumar hema committee report women respect interview


































