തിരുവനന്തപുരം: ( www.truevisionnews.com ) കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി സിപിഎമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന പാർട്ടി നേതാവ് കെ. മുരളീധരൻ. ശശി തരൂരിനെപ്പോലെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഒരു നേതാവ് സിപിഎം എന്ന മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന ഒരു കപ്പലിൽ തരൂർ ചേരുമെന്ന് പറയുന്നത് ഏപ്രിൽ ഫൂൾ ദിനത്തിൽ മാത്രം പറയാൻ പറ്റുന്ന തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് ചില അസംതൃപ്തികൾ ഉണ്ടായിരിക്കാം. പ്രത്യേകിച്ച്, മഹാപഞ്ചായത്ത് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാത്തതിൽ തരൂരിന് വിഷമമുണ്ടെന്ന് മനസ്സിലാക്കുന്നു.
എന്നാൽ ഇത് രാഹുൽ ഗാന്ധിയുടെ തെറ്റല്ലെന്നും രാഹുലിന് നൽകിയ ലിസ്റ്റ് അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തതെന്നും തരൂരിനെ മനപ്പൂർവം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു. ഈ വിഷയത്തിലെ ഗൗരവം ഉൾക്കൊണ്ട് തന്നെ രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരുമായി സംസാരിച്ച് അദ്ദേഹത്തിന്റെ പ്രയാസങ്ങൾ നീക്കുമെന്നാണ് കരുതുന്നതെന്ന് മുരളീധരൻ പറഞ്ഞു.
തരൂർ ഒരു പൂർണസമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ട് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം. ഡൽഹിയിൽ നടന്ന ചർച്ചകളിൽനിന്നും തന്നെപ്പോലെയുള്ള നേതാക്കളെ ഒഴിവാക്കിയിട്ടും താൻ പരാതി പറയാത്തത് പാർട്ടി ഇപ്പോൾ ഒരു യുദ്ധമുഖത്ത് നിൽക്കുന്നത് കൊണ്ടാണെന്നും മുരളീധരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയമായതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും പാർട്ടി ഒറ്റക്കെട്ടായിനീങ്ങി വിജയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പാർട്ടിയുടെ വിജയത്തിന് ശശി തരൂരിന്റെ സേവനം അത്യാവശ്യമാണെന്ന് കെ. മുരളീധരൻ പറഞ്ഞു. ശശി തരൂർ കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്നും പാർട്ടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
k muraleedharan react to shashi tharoor


































