തിരുവനന്തപുരം: ( www.truevisionnews.com ) നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛന് ഷിജിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവളാകുളം സ്വദേശി ഷിജിനെ ഇന്നലെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്നാണ് ഷിജിന്റെ മൊഴി.
കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്നു. ഇതേ ചൊല്ലി ഭാര്യയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്നാണ് കുഞ്ഞിനെ മർദിച്ചത് എന്നാണ് പ്രതിയുടെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്നാണ് ഷിജിൻ പൊലീസിനോട് സമ്മതിച്ചത്.
ശനിയാഴ്ചയാണ് കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെ മകൻ ഇഹാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിന്റെ മരണത്തിൽ തുടക്കം മുതലേ ദുരൂഹത ഉണ്ടായിരുന്നതിനാൽ മാതാപിതാക്കളെ പൊലീസ് മാറി മാറി ചോദ്യം ചെയ്തിരുന്നു.
അടിവയറ്റിൽ ഉണ്ടായ ക്ഷതത്തിൽ നിന്നുണ്ടായ രക്തസ്രാവം മൂലമാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇതിന് പിന്നാലെ ഷിജിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മർദ്ദിച്ചത് ഷിജിൻ സമ്മതിച്ചത്. ഭാര്യയോടുള്ള പിണക്കത്തിന്റെ പുറത്താണ് കൊടും ക്രൂരത എന്നാണ് ഇയാളുടെ മൊഴി. കുഞ്ഞിനെ മടിയിൽ ഇരുത്തി കൈ മുട്ട് കൊണ്ട് അടിവയറ്റിൽ മർദിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒരു വയസുകാരൻ ഇഹാൻ കുഴഞ്ഞു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പാതയും വന്നതും ചുണ്ടിന് നിര വ്യത്യാസം ഉണ്ടായതും സംശയത്തിന് ഇടയാക്കി. അച്ഛൻ ഷിജിൻ കൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചതിന് ശേഷമാണ് കുഞ്ഞ് കുഴഞ്ഞുവീണത് എന്നായിരുന്നു അമ്മയുടെ മൊഴി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സായിരിക്കെയായിരുന്നു കുട്ടി മരിച്ചത്. മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. കുഞ്ഞിന്റെ കൈയിൽ ഉണ്ടായിരുന്ന പൊട്ടലും മാതാപിതാക്കൾക്ക് വിശദീകരിക്കാനായില്ല. സംശയങ്ങൾ ബലപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അച്ഛന്റെ ക്രൂരത പുറത്ത് വന്നത്.
Death of a one year old boy in Neyyattinkara Father charged with murder says he did not love the child


































