[moviemax.in]കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' 2025-ലെ മലയാളം ഇൻഡസ്ട്രി ഹിറ്റാണ്. 300 കോടി കളക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായത്തിനൊപ്പം ചില അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 'ലോക'യിൽ കല്യാണിക്ക് പകരം ആദ്യം പരിഗണിച്ചത് നടി പാർവതി തിരുവോത്തിനെയാണ് എന്നായിരുന്നു പ്രചാരണം. ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയാണ് പാർവതി ഇപ്പോൾ.
പാർവതി പ്രധാനവേഷത്തിലെത്തുന്ന 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു പാർവതിയോട് ചോദ്യമുന്നയിച്ചത്. എന്നാൽ, ചോദ്യം പൂർത്തിയാക്കുംമുമ്പ് തന്നെ നടി ഇത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്ന തന്റെ നിലപാട് വ്യക്തമാക്കി.
'കല്യാണിക്കുപകരം പാർവതിയെയാണ് കാസ്റ്റ് ചെയ്തത് എന്ന് കേട്ടിരുന്നു', എന്ന ചോദ്യത്തോട് 'ഇത്തരം ചോദ്യങ്ങൾ തീർത്തും അനാവശ്യമാണ്', എന്നായിരുന്നു നടിയുടെ മറുപടി. ചോദ്യകർത്താവ് 'അങ്ങനെ കേട്ടിട്ടുണ്ടായിരുന്നു', എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ, ‘അങ്ങനെ കേട്ടോട്ടെ. അങ്ങനെ പലതും കേൾക്കാൻ കിട്ടും', എന്ന് പാർവതി പറഞ്ഞു.
ദുൽഖർ സൽമാന്റെ വേഫെറർ പ്രൊഡക്ഷൻസ് നിർമിച്ച ചിത്രമാണ് 'ലോക'. ചിത്രത്തെ പ്രശംസിച്ച് പാർവതി രംഗത്തെത്തിയിരുന്നു. ഏറെക്കാലത്തിനുശേഷം തിയേറ്ററുകളിൽ 100 ദിവസം പ്രദർശനം പിന്നിടുന്ന ചിത്രമെന്ന പ്രത്യേകത 'ലോക' സ്വന്തമാക്കിയിരുന്നു.
parvathi thiruvoth, lokah, kalyani, dominic arun, pradhamadrushtya kuttakkar

































