തിരുവനന്തപുരം:( www.truevisionnews.com) കഴക്കൂട്ടത്ത് രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ഗോൾഡൻ ഷാംപെയ്നും പിടികൂടി. രണ്ടുപേർ അറസ്റ്റിൽ. തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29) ഡൊമിനിക് പീറ്റർ (31)എന്നിവരാണ് സിറ്റി ഡാൻസാഫ് ടീമിൻ്റെ പിടിയിലായത്.
ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ച് ബീച്ചുകളിലും തീരദേശത്തും വിൽപ്പന നടത്താൻ ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ തുമ്പയിൽ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്.
ഡൊമിനിക് പീറ്ററിൻ്റെ പക്കൽ നിന്നും ഗോൾഡൻ ഷാംപെയ്നടക്കം 14 ഗ്രാം ലഹരി വസ്തുക്കളും ഷാരോണിൻ്റെ കൈവശം 10 ഗ്രാം രാസലഹരിയും ആണ് കണ്ടെടുത്തത്. ഇരുവരും നിരവധി ലഹരിക്കേസുകളിലും അടിപിടി കേസുകളിലും പ്രതികളാണ്. പ്രതികളെ കഴക്കൂട്ടം പോലീസിന് കൈമാറി. വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഉണ്ടാകുമെന്ന് ഡാൻസാഫ് ടീം അറിയിച്ചു.
MDMA and narcotics seized from two locations in Kazhakoottam


































