തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
സ്വർണം പൂശാനുള്ള അനുമതിക്കായി ഉണ്ണികൃഷ്ണൻ പോറ്റി തനിക്കോ, ഓഫീസിനോ കത്ത് നൽകിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ മൊഴി നൽകി.
ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ സംഭവിച്ചത് എങ്ങനെ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ബാംഗ്ലൂരിലെ മലയാളി സമാജം പരിപാടിക്ക് പോയപ്പോഴുള്ള ചിത്രങ്ങളെന്നായിരുന്നു മറുപടി. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.
ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതരിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ഹൈക്കോടതിയുടെ അതൃപ്തി വിവാദമായിരുന്നു. പിന്നാലെയാണ് എസ്‌ഐടിയുടെ നിർണ്ണായക ചോദ്യം ചെയ്യൽ നീക്കം. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂർ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യൽ നടന്നത്.
ഉണ്ണി കൃഷ്ണൻ പോറ്റിയെ പരിചയം ഉണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ മൊഴി. ശബരിമലയിലെ സ്‌പോൺസർ എന്ന നിലയിൽ മാത്രമാണ് പരിചയം.
പോറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മൊഴിയുണ്ട്. ശബരിമലയിലെ മെയിന്റനൻസ് ജോലികൾ വകുപ്പ് അറിയില്ല. തീരുമാനം എടുക്കുന്നത് ദേവസ്വം ബോർഡാണ്.ഇക്കാര്യത്തിൽ വകുപ്പ് ഇടപെടലോ അറിവോ ഇല്ലെന്നും കടകംപള്ളി സുരേന്ദ്രൻ മൊഴി നൽകി.
2025ൽ പാളികൾ അറ്റകുറ്റ പണിക്കു കൊണ്ട് പോകാനുള്ള നീക്കത്തെ കുറിച്ചാണ് അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പി.എസ് പ്രശാന്തിൽ നിന്നും വിവരങ്ങൾ തേടിയത്. ദേവസ്വം രേഖകളെ കുറിച്ചും പ്രശാന്തിനോട് വിവരങ്ങൾ തേടിയെന്നാണ് സൂചനകൾ.
Sabarimala gold theft, former Devaswom Minister Kadakampally Surendran, more details of interrogation


























