തിരുവനന്തപുരം: ( www.truevisionnews.com ) ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ മുസ്ലീം ലീഗിന്‍റെ നിലപാടിനെ വിമർശിച്ച് എ എ റഹീം എംപി. കോൺഗ്രസ് സ്വന്തം നയങ്ങൾ കൊണ്ടും സമീപനങ്ങൾ കൊണ്ടും ചെന്നു പെടുന്ന വലിയ കുഴികളിൽ നിന്നും അവരെ പരിക്ക് കൂടാതെ കൈപിടിച്ച് കയറ്റാൻ കരാർ പണിയെടുത്ത ഒരു കരാർ കമ്പനിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.
കർണാടകയിലെ ഫക്കീർ കോളനിയിൽ നിന്നും വസീം ലേ ഔട്ടിൽ നിന്നും ക്രൂരമായി കുടിയിറക്കപ്പെട്ടവരിൽ എല്ലാവരും മുസ്ലിങ്ങളും ദളിതരും മാത്രമാണ്. മുസ്ലിങ്ങൾ മാത്രമല്ല,‘എല്ലാ സമുദായക്കാരുമുണ്ട്’എന്ന് പറഞ്ഞതും പച്ചക്കള്ളം. സത്യം കണ്മുന്നിൽ കാണുമ്പോഴും, ഒരു രീതിയിലും കോൺഗ്രസ് സർക്കാർ ചെയ്തത് നീതീകരിക്കാൻ ആർക്കും സാധിക്കാതിരിക്കുമ്പോഴും വളരെ ദുർബലമായ ന്യായീകരണ വാദങ്ങൾ ഉയർത്തി കോൺഗ്രസിന് പറ്റിയ ‘ഡാമേജ്’ പരിഹരിക്കാനുള്ള ശ്രമങ്ങൾ ലീഗ് നടത്തികൊണ്ടിരുന്നു. ബാബരി മസ്ജിദ് തകർത്തപ്പോഴും ലീഗ് കോൺഗ്രസിനോട് മൃദു ഭാവം കാട്ടി.
കോൺഗ്രസ് കാട്ടിയ ആ ചതിയിൽ നിന്നാണ് സംഘപരിവാർ ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയായി വളർന്നത്. കൂടുതൽ പറയുന്നില്ല, ലീഗിനൊപ്പം മറ്റൊരു കൂട്ടർ കൂടി ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും മനുഷ്യത്വ വിരുദ്ധമായ ഈ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്, അത് കർണാടകയിലെ പ്രതിപക്ഷമാണ്. ബിജെപിയാണ് അവിടെ പ്രതിപക്ഷം.
പേരിൽ ഇന്ത്യൻ യൂണിയൻ എന്നൊക്കെയുണ്ടല്ലോ, രാജ്യത്തെ ‘മുസ്ലിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ലീഗ്’ കണ്ടീഷണൽ ആകുന്നതിന്‍റെ കാരണം യുക്തിസഹമായി വിശദീകരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ബുൾഡോസറുകൾ ഇടിച്ചു നിരത്തിയ കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കിടക്കേണ്ടി വന്ന മനുഷ്യരായിരുന്നില്ല, വരാനിരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്‍റെ മനസിൽ. ‘കോൺഗ്രസിന് പോറലേൽക്കരുത്’എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ലീഗിന്.
പി കെ കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ ന്യായീകരണ ശ്രമങ്ങൾ വസ്തുതകൾക്കോ ധാർമികതയ്ക്കോ ഒട്ടും നിരക്കുന്നതായിരുന്നില്ല. ബിജെപി സർക്കാരുകൾ നടത്തിയ ബുൾഡോസർ രാജിൽ നിന്ന് വ്യത്യസ്തമാണ് കോൺഗ്രസ് നടത്തിയത് എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് കോൺഗ്രസിനുണ്ടായ ‘ഡാമേജ് മാനേജ്‌മെന്‍റ്’ മാത്രമാണ്.
കർണാടകയിൽ ബിജെപി ചെയ്യാൻ ആഗ്രഹിച്ചത്, രാജ്യത്ത് എല്ലായിടത്തും അവർ ചെയ്യുന്നത്, കർണാടകയിലെ കോൺഗ്രസ് ചെയ്തു. കോൺഗ്രസ് സർക്കാരിന് പ്രതിരോധം തീർക്കാൻ അവിടുത്തെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തി. കർണാടകയിൽ കോൺഗ്രസ് ചെയ്തത് സംഘപരിവാർ കേന്ദ്രങ്ങൾക്ക് കൂടി സ്വീകര്യമായ ഒന്നായിട്ടും ലീഗ് ആ കൃത്യത്തെ ന്യായീകരിച്ചു. ‘കോൺഗ്രസ് ബുൾഡോസറുകൾക്ക് ഹാ എന്തു ഭംഗി’ എന്നും എ എ റഹീം കൂട്ടിച്ചേർത്തു.
What is the political mission of the League aa rahim with harsh criticism





























