( https://moviemax.in/ ) സോഷ്യൽ മീഡിയയിൽ അടക്കി ഭരിക്കുകയാണ് ഇപ്പോൾ എ ഐ . പലതരത്തിലുള്ള വ്യത്യസ്തമാർന്ന പരീക്ഷണങ്ങളാണ് ദിനം പ്രതി എ ഐ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. നിശ്ചല ചിത്രങ്ങളെ ജീവൻതുടിക്കുന്ന ചിത്രങ്ങളാക്കി അമ്പരപ്പിക്കുകയാണിപ്പോൾ .
പ്രേക്ഷക മനസുകളിൽ ഇടംനേടിയ സിനിമകൾക്ക് എഐ ഭാവനകളിലൂടെ പുനരാവിഷ്കാരം നൽകുന്നതാണ് പുതിയ ട്രെൻഡ്. ഇപ്പോഴിതാ മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിലൊന്നായ ‘മണിച്ചിത്രത്താഴ്’ സിനിമയിലെ കഥാപാത്രങ്ങളുടെ എഐ പുനരാവിഷ്കാരമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മാടമ്പള്ളി തറവാട്ടിൽ എന്തു സംഭവിച്ചു എന്ന ഭാവനയുടെ എഐ ആവിഷ്കാരമാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ മരിച്ചുകിടക്കുന്നതായാണ് എഐയിൽ കാണിച്ചിരിക്കുന്നത്.
സാധാരണ എഐ വീഡിയോകളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരവും എന്നാൽ അല്പം ഭയപ്പെടുത്തുന്നതുമായ ഒരു പ്രമേയമാണ് ഇതിന് പിന്നിലുള്ളത്.
‘സ്വർണ്ണ വില ഒരു ലക്ഷം കടന്നത്തോടെ അല്ലിയുടെ കല്യാണം മുടങ്ങി. ശേഷം ഇതാണ് മാടമ്പള്ളി തറവാടിന്റെ അവസ്ഥ!’ എന്ന അടിക്കുറിപ്പോടെയാണ് ‘കനവുകഥ’ എന്ന പേജിൽ വീഡിയോ പ്രത്യക്ഷപ്പട്ടിരിക്കുന്നത്.
തകർന്നുവീഴാറായ, മാറാല മൂടിയ മാടമ്പള്ളി തറവാടാണ് പശ്ചാത്തലം. ‘മണിച്ചിത്രത്താഴി’ലെ എല്ലാ പ്രധാന കഥാപാത്രങ്ങളെയും വീഡിയോയിൽ കാണാം. തറവാടിന്റെ ഓരോ കോണിലും ഓരോ കഥാപാത്രങ്ങളും മരിച്ചു കിടക്കുന്നുണ്ട്. തിലകനും ഇന്നസെന്റും മോഹൻലാലും സുരേഷ് ഗോപിയും തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം ഇവിടെയുണ്ട്. നാഗവല്ലി തറവാടിന്റെ വാതിൽ കൊട്ടിയടക്കുന്ന രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
രസകരമായ ചില കണ്ടെത്തലുകളും സോഷ്യൽ മീഡിയ നടത്തുന്നുണ്ട്. നകുലന് പാതി ജീവനുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലുള്ള ഒറിജിനാലിറ്റിയാണ് വീഡിയോ കണ്ടവർ എടുത്തുപറയുന്നത്. വീഡിയോ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
'' ഇതിന്റെ പിന്നിൽ അല്ലിയാണ്.. അവൾ വിദഗ്ദ്ധമായി മുങ്ങി..., എന്നാലും ആ വീട്ടിൽ ചെന്ന് മരിച്ചുകിടന്ന അത്രയും പേരുടെ മുഖത്ത് ടോർച്ച് തെളിച്ചു നോക്കാൻ കാണിച്ച ആ ധൈര്യം, നകുലന് അൽപ്പം ജീവനുണ്ട് ഇപ്പോൾ hospitalലിൽ കൊണ്ട് പോയാൽ രക്ഷപ്പെടും'', തുടങ്ങി നിരവധി കമന്റുകളും വീഡിയോയിൽ വന്നിട്ടുണ്ട് .
ക്ലാസിക് ഹിറ്റായ 'മണിച്ചിത്രത്താഴ്'
1993-ൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. മധു മുട്ടം തിരക്കഥയെഴുതിയ ഈ ചിത്രം അന്ധവിശ്വാസങ്ങളെയും മനോരോഗങ്ങളെയും വേറിട്ട രീതിയിൽ സമീപിച്ച ഒന്നായിരുന്നു.
ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം പിൽക്കാലത്ത് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. എന്നാൽ മലയാളത്തിലെ ആ ഒറിജിനൽ പതിപ്പിന് ലഭിക്കുന്ന സ്വീകാര്യത മറ്റൊരു റീമേക്കിനും ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്.
സിനിമ പുറത്തിറങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും, ആ കഥാപാത്രങ്ങൾക്ക് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ വലിയ സ്ഥാനമുണ്ട്. എഐയിലൂടെ നിർമ്മിച്ച ഈ പുതിയ വീഡിയോയുടെ 'ഒറിജിനാലിറ്റി' കണ്ട് പ്രേക്ഷകർ ഒന്നടങ്കം അത്ഭുതപ്പെടുകയാണ്. മലയാള സിനിമയുടെ ക്ലാസിക്കുകളെ പുതിയ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്ന ഇത്തരം ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
Manichitrathazhu AI re-imagining, Madampally Tharavad, viral video



































