തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം പാങ്ങോട് പഞ്ചായത്ത് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു. എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി. എസ്ഡിപിഐയുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ എൽഡിഎഫ് വലിയ വിമർശനം ഉന്നയിച്ചിരുന്നു.
എസ്ഡിപിഐയുടെ പിന്തുണയുണ്ടെങ്കിലും ഭരണം തുടരാമെന്ന നിലപാട് യുഡിഎഫിലെ ഒരു വിഭാഗം സ്വീകരിച്ചിരുന്നു. എന്നാൽ, കെപിസിസിയുടെ സർക്കുലർ നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാടാണ് കോൺഗ്രസിലെ മറ്റൊരു വിഭാഗം എടുത്തത്. പിന്നാലെ കെപിസിസിയുടെയും ഡിസിസിയുടെയും നിർദേശം ലഭിച്ചതോടെ എസ്. ഗീത രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
മറ്റൊരു ദിവസം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ പഞ്ചായത്തിൽ ഏഴ് എൽഡിഎഫ് അംഗങ്ങളുണ്ട്. ആറ് യുഡിഎഫ് അംഗങ്ങളും, യുഡിഎഫിന്റെ പിന്തുണയോടെ ജയിച്ച ഒരു വെൽഫെയർ പാർട്ടി അംഗവുമുണ്ട്. കൂടാതെ രണ്ട് ബിജെപി അംഗങ്ങളും മൂന്ന് എസ്ഡിപിഐ അംഗങ്ങളും പഞ്ചായത്തിലുണ്ട്.
ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ മൂന്ന് വോട്ടുകൾ ഉൾപ്പെടെ ആകെ പത്ത് വോട്ടുകൾ നേടിയാണ് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായ എസ്. ഗീത വിജയിച്ചത്. എന്നാൽ പാർട്ടി നിർദേശപ്രകാരം പിന്നീട് അവർ രാജിവെക്കുകയായിരുന്നു.
No SDPI support Congress panchayat president resigns in Pangod panchayat

































