കണ്ണൂര്‍: (https://truevisionnews.com/) കണ്ണൂര്‍ പയ്യാവൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.
പയ്യാവൂര്‍ മുത്താറി കുളത്താണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ രണ്ടുപേര്‍ അടിയൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ലോറി പൂര്‍ണമായും തകര്‍ന്നു.
കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ലോറിയിൽ തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയൊരു ഇറക്കം കഴിഞ്ഞശേഷം നിരപ്പായ സ്ഥലത്തെത്തിയപ്പോള്‍ കലുങ്കിൽ തട്ടി മറിയുകയായിരുന്നുവെന്നാണ് വിവരം.
ലോറിക്ക് പിന്നിൽ കെട്ടിയിട്ട കോണ്‍ക്രീറ്റ് മിക്സറും ലോറിയും മറിയുകയായിരുന്നു. നാലുപേരാണ് ലോറിക്കും കോണ്‍ക്രീറ്റ് മിക്സറിനും അടിയിൽ കുടുങ്ങിയത്. അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് മരിച്ചത്. വാഹനത്തിന്‍റെ ഡ്രൈവറൊഴികെ മറ്റു തൊഴിലാളികളെല്ലാം ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം.
A major accident occurred when a lorry carrying a concrete mixer overturned in Payyavoor, Kannur.


































