( https://moviemax.in/ ) അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മുട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തിയിട്ടുണ്ട്.
നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് , സായ് കുമാർ, ബിന്ദു പണിക്കർ , തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്.
മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു.
ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
Srinivasan passes away, body remains in public view at Town Hall, loved ones pay tribute


































