'സാധനം കൈയ്യിലുണ്ടോ ?...വഴിയറിയില്ലെങ്കില്‍ ചോയിച്ചുചോയിച്ചു പോവാം .. എല്ലാം ശരിയാകും ദാസാ' ; പഴഞ്ചൊല്ലുകൾ പോലെ പടർന്ന 'ശ്രീനി ടച്ച്' സംഭാഷണങ്ങൾ

'സാധനം കൈയ്യിലുണ്ടോ ?...വഴിയറിയില്ലെങ്കില്‍ ചോയിച്ചുചോയിച്ചു പോവാം .. എല്ലാം ശരിയാകും ദാസാ' ; പഴഞ്ചൊല്ലുകൾ പോലെ പടർന്ന 'ശ്രീനി ടച്ച്' സംഭാഷണങ്ങൾ
Dec 20, 2025 02:42 PM | By Athira V

( https://moviemax.in/ ) ശ്രീനിവാസന്റെ സിനിമകളിലെ ഡയലോഗുകൾ വെറും സിനിമാ സംഭാഷണങ്ങളല്ല, മറിച്ച് മലയാളി തന്റെ നിത്യജീവിതത്തിൽ ഇന്നും എടുത്തുപയോഗിക്കുന്ന തമാശകളും ജീവിതസത്യങ്ങളുമാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളെ അത്രമേൽ ലളിതമായും എന്നാൽ മൂർച്ചയോടെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അത്രമേൽ ആഴത്തിലാണ് അദ്ദേഹം തന്റെ തൂലികകൊണ്ടും അഭിനയശൈലികൊണ്ടും മലയാളി മനസ്സിനെ സ്വാധീനിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തിലെ പ്രതിസന്ധികളെയും രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെയും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച മറ്റൊരു കലാകാരൻ മലയാളത്തിലില്ല.

മുകൾത്തട്ടിലുള്ളവരുടെ ജീവിതമല്ല, താൻ കണ്ട ഇടത്തരക്കാരുടെ മനസ്സാണ് തന്റെ സിനിമകളിൽ നിറഞ്ഞതെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം പരിമിതികളെയും അപകർഷതാബോധത്തെയും പോലും ലോകോത്തരമായ കലയാക്കി മാറ്റിയ വ്യക്തിത്വമാണ് അദ്ദേഹം.

മലയാളിക്ക് ഒരുകാര്യം ആധികാരികമായി തമാശ രൂപേണ പറയണമെങ്കിൽ ഇന്നും ശ്രീനിവാസൻ സിനിമകളിലെ ഡയലോഗുകൾ കടമെടുക്കേണ്ടി വരുന്നു. അവ കേവലം സിനിമാ സംഭാഷണങ്ങളല്ല, മറിച്ച് നിത്യജീവിതത്തിലെ പഴഞ്ചൊല്ലുകൾ പോലെയായി മാറിക്കഴിഞ്ഞു.

ഞാനീ പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലല്ലോയെന്ന ഡയലോഗ് ഇന്നും കൂട്ടുകാര്‍ക്കിടെയിലെ നര്‍മതാളം ഏറ്റുന്നവയാണ്. ‘അക്കരെയക്കരെയക്കരെ’ എന്ന ചിത്രത്തിലെ മീനവിയൽ എന്തായി എന്തോ? എന്ന സംശയം ഇന്നും മലയാളിക്ക് തീര്‍ന്നില്ല. സാധനം കൈയ്യിലുണ്ടോ ?എന്ന ഡയലോഗ് രഹസ്യങ്ങളയും ദുരൂഹതകളേയും ഏറ്റുംവിധത്തില്‍ പ്രയോഗിക്കപ്പെട്ടു.

പോളണ്ടിനെക്കുറിച്ച് നീയൊരക്ഷരം മിണ്ടരുത്‌, ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക തുടങ്ങി സന്ദേശത്തിലെ രാഷ്ട്രീയ വാക്പോരുകള്‍ ഇന്നും രാഷ്ട്രീയക്കാരെ ട്രോളാന്‍ ഉപയോഗിക്കുന്നുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന ഉദയനാണ് താരത്തിലെ ശ്രീനിയുടെ ഡയലോഗ് അപകര്‍ഷതാബോധമുള്ള എല്ലാവരോടുമായാണ് .

വഴിയറിയില്ലെങ്കില്‍ ചോയിച്ചുചോയിച്ചു പോവാനും അറിയാത്ത കാര്യങ്ങളിലും ‘കാമറയും കൂടെ ചാടട്ടെ’ എന്ന് ആത്മവിശ്വാസത്തോടെ വച്ചങ്ങ് കാച്ചാനുമുള്ള ധൈര്യം തന്നത് സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെ. അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ, പാലുകാച്ചൽ ..കല്യാണം, അങ്ങനെ എന്തും ഏതും ഏതുനേരത്തും പറയാവുന്ന തോതില്‍ മലയാളിയെ പഠിപ്പിച്ചു. ശ്രീനിവാസന്‍ പറഞ്ഞതും പറയിപ്പിച്ചതുമെല്ലാം നമ്മള്‍ നെ‍ഞ്ചോട് ചേര്‍ത്തുവച്ചത് ആ വാക്കുകളിലെ നര്‍മരസം കൊണ്ടു മാത്രമായിരുന്നില്ല, ഓരോ മലയാളിയുടേയും ജീവിതവുമായി അവ അത്രമേല്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്നതു കൊണ്ടുകൂടിയായിരുന്നു.

നമ്മുടെ പ്ലാനുകൾ പാളുകയോ അല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ "പവനൻ ശവമായി" എന്ന് പറയാത്ത മലയാളികൾ കുറവാണ്. പ്രതിസന്ധികളിൽ തളർന്നുനിൽക്കുന്ന സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ഇന്നും മലയാളി പറയുന്നത് "എല്ലാം ശരിയാകും ദാസാ" എന്നാണ്. 'നാടോടിക്കാറ്റി'ലെ ദാസനും വിജയനും മലയാളിയുടെ കൂടെപ്പിറപ്പുകളായി മാറിയത് ഇങ്ങനെയാണ്.

ആരെങ്കിലും വല്ലാതെ പൊങ്ങച്ചം പറഞ്ഞാൽ "എനിക്ക് ക്യൂബയെക്കുറിച്ച് ഓർക്കുമ്പോൾ ഒരവേശമാണ്" എന്ന് പറഞ്ഞു കളിയാക്കുന്നത് ഒരു സ്ഥിരം ശൈലിയാണ്. താൻ സുന്ദരനല്ലെന്നും തന്റെ രൂപം സിനിമയ്ക്ക് പറ്റില്ലെന്നും മറ്റുള്ളവർ പറയുന്നതിന് മുൻപ് അദ്ദേഹം തന്നെ അത് പല സിനിമകളിലും തമാശയായി അവതരിപ്പിച്ചു. സ്വന്തം അപകർഷതാബോധത്തെ 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലൂടെ അദ്ദേഹം ആഘോഷിച്ചു.

സമൂഹത്തിലെ ഇരട്ടത്താപ്പുകളെ അദ്ദേഹം തന്റെ തൂലികകൊണ്ട് കീറിമുറിച്ചു. 'വെള്ളാനകളുടെ നാട്', 'വരവേൽപ്പ്' തുടങ്ങിയ സിനിമകൾ കേരളത്തിലെ തൊഴിൽ സംസ്കാരത്തെയും ഉദ്യോഗസ്ഥ വൃന്ദത്തെയും പരിഹസിച്ചവയായിരുന്നു.

ശ്രീനിവാസന്റെ അഭിനയം ഏറ്റവും സ്വാഭാവികമായ ഒന്നായിരുന്നു. താൻ ജീവിക്കുന്ന ചുറ്റുപാടിൽ കാണുന്ന സാധാരണ മനുഷ്യനായി മാറാൻ അദ്ദേഹത്തിന് വലിയ അധ്വാനത്തിന്റെ ആവശ്യമില്ലായിരുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് താൻ ഒരു നാടക നടനാകാനാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രൂപം കണ്ട് പലരും നിരുത്സാഹപ്പെടുത്തിയിട്ടും അദ്ദേഹം പിന്മാറിയില്ല. അവാർഡുകൾക്കോ പ്രശസ്തിക്കോ വേണ്ടിയല്ല, മറിച്ച് തന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണ് താൻ സിനിമകൾ എടുക്കുന്നതെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചു.

മലയാളിക്ക് ശ്രീനിവാസൻ ഒരു നടനോ തിരക്കഥാകൃത്തോ മാത്രമല്ല... നമ്മുടെ ഉള്ളിലെ വിഡ്ഢിത്തങ്ങളെയും ഭയങ്ങളെയും ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിച്ച ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്റെ സിനിമകൾ മലയാളമുള്ള കാലത്തോളം നമ്മുടെ സ്വീകരണമുറികളിലും സംസാരങ്ങളിലും നിറഞ്ഞുനിൽക്കും.

മലയാളിയുടെ ചിന്തകളെയും രാഷ്ട്രീയ ബോധത്തെയും ഇത്രമേൽ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. കയ്പ്പും മധുരവും കലർന്ന യാഥാർത്ഥ്യങ്ങളെ മലയാളികൾക്ക് ലളിതമായി പകർന്നുനൽകിയ ശ്രീനിവാസൻ എന്ന 'സിമ്പിൾ ഹ്യൂമൻ ബീയിംഗ്' മലയാള സിനിമയിലെ എന്നത്തെയും അത്ഭുതമാണ്.

Dialogues from Sreenivasan's films that have become proverbs

Next TV

Related Stories
വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:04 PM

വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസൻ മരണം, മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു, ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ...

Read More >>
ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

Dec 20, 2025 01:11 PM

ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

ശ്രീനിവാസൻ മരണം, ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ...

Read More >>
Top Stories










News Roundup