കൊച്ചി: [moviemax.in] എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും തന്റെ പ്രത്യേക മുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീനിവാസനെന്ന് നടി മഞ്ജു വാര്യർ. സാധാരണയായി ഏത് വാക്കിനും ഒടുവിൽ ഉച്ചത്തിലുള്ള ചിരി കൂട്ടിച്ചേർക്കുന്ന ശ്രീനിയേട്ടൻ ആദ്യമായി തന്നെ കരയിപ്പിച്ചുവെന്ന് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ശരീരമാണ് നമ്മെ വിട്ടുപോകുന്നതെന്നും, എന്നാൽ ആ പേര് ഓർമ്മകളിലൂടെയും കലാരൂപങ്ങളിലൂടെയും ഇനിയും നീണ്ട കാലം ഇവിടെ ജീവിക്കുമെന്നും മഞ്ജു കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
"കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു.
അങ്ങനെ, ഒരുതരത്തിൽ അല്ല പല തരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്.
പക്ഷേ ഇല്ലാതാകുന്നത് ഒരു - ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി."
Tribute to Srinivasan


































