കൊച്ചി: ( www.truevisionnews.com ) എറണാകുളം നോർത്ത് സ്റ്റേഷനിൽ യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി എസ്എച്ച്ഒ പ്രതാപചന്ദ്രൻ. ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭർത്താവിനെ തിരക്കി കുഞ്ഞുങ്ങളുമായി സ്റ്റേഷനിൽ എത്തിയ യുവതി വനിതാ പൊലീസുകാരെ ഉൾപ്പെടെ തള്ളിമാറ്റി. തുടർന്ന് കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വീഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ തങ്ങൾ രക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻവച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും എസ്എച്ച്ഒ പ്രതാപചന്ദ്രൻ ആരോപിച്ചു.
2024 ജൂൺ 20നു എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് ഇന്നു പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കി എത്തിയ ഷൈമോളെ എസ്എച്ച്ഒ പ്രതാപചന്ദ്രൻ മർദിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുണ്ടായിരുന്നത്.
കോടതി ഉത്തരവിലൂടെയാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കൈമാറിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവടക്കം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.
SHO Prathapachandran explains assault on woman at station


































