(https://moviemax.in/) ഇന്ദ്രജിത്ത് സുകുമാരനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിലാണ് സോഷ്യൽ മീഡിയയിലൂടെ ലിജോ പുതിയ ചിത്രം പ്രഖ്യാപിച്ചത്. 2015ൽ പുറത്തിറങ്ങിയ 'ഡബിൾ ബാരൽ' ആണ് ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം.
"ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം 'ഡബിൾ ബാരൽ' ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ," എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.
'ഡിസ്കോ' എന്ന ചിത്രത്തിനായി ഇന്ദ്രജിത്തും ലിജോ ജോസ് പെല്ലിശേരിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ 2020 മുതൽ വാർത്തകൾ വന്നിരുന്നു. ലാസ് വേഗാസിലെ ബേണിങ് മാൻ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിന് എഴുത്തുകാരൻ എസ്. ഹരീഷ് ആണ് തിരക്കഥ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് ഈ സിനിമയെപ്പറ്റി അപ്ഡേറ്റുകൾ ഒന്നും വന്നിരുന്നില്ല.
ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്ത 'നായകൻ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ ആയിരുന്നു. പിന്നാലെ സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. ഇതിൽ 'ആമേൻ' വലിയ ഹിറ്റായി മാറുകയും ചെയ്തു.
പരസ്പര ബന്ധിതമായ കഥകളെ കൂട്ടിച്ചേർത്ത്, പൃഥ്വിരാജ്-ഇന്ദ്രജിത്ത്-പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ അണിയിച്ചൊരുക്കിയ 'സിറ്റി ഓഫ് ഗോഡ്' ഇറങ്ങി വർഷങ്ങൾക്കിപ്പുറം കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമാണ്.മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 'മലൈക്കോട്ടൈ വാലിബൻ' ആണ് അവസാനമായി റിലീസ് ആയ ലിജോ ജോസ് പെല്ലിശേരി ചിത്രം. സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്.
Lijo Jose Pellissery, Indrajith Sukumaran, new film



































