കോഴിക്കോട് : ( www.truevisionnews.com ) തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം വിമർശിച്ചു. പദ്ധതിയുടെ ധനവിനിയോഗം പൂർണമായും കേന്ദ്രത്തിന്റേതാകണം.
ധനവിനിയോഗത്തിൽ 60:40 എന്ന രീതിയിലെ ഭേദഗതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തിനാണ് മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നത് എന്ന ചോദ്യത്തിനും കേന്ദ്രം മറുപടി പറയണം. ഭേദഗതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
ശബരിമല ഭക്തി ഗാനത്തെ പാരഡി ഗാനമാക്കിയത് വിശ്വാസത്തെ ഹനിക്കുന്നതാണെങ്കിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ മുസ്ലീം ലീഗ് നടത്തിയ അടിച്ചുതളി പരിശോധിക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
വിസി നിയമന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാക്കാലത്തും തർക്കം തുടരാൻ ആകുമോ എന്ന് ചോദിച്ച അദ്ദേഹം പ്രശ്നങ്ങൾ ഉയർന്നു വന്നാൽ എവിടെയെങ്കിലും അത് അവസാനിപ്പിക്കണ്ടേയെന്നും പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് ഒന്നിച്ച് നീങ്ങണം. കേസ് നൽകിയത് പോരാട്ടത്തിന്റെ ഭാഗമാണ്. വളരെ ഗൗരവത്തിൽ ആലോചിച്ച് എടുത്ത നിലപാടാണത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തർക്കങ്ങൾ അവസാനിക്കണമെന്നാണ് ആഗ്രഹമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
tp ramakrishnan demands central government to withdraw mgnrega amendment


































