കോഴിക്കോട് :(https://truevisionnews.com/) പോളിംഗ് ബൂത്തിൽ എത്തി പലപല ചിഹ്നങ്ങൾ കണ്ടതിലെ കൺഫ്യൂഷനല്ല. അവരുടെത് ഉറച്ച തീരുമാനമായിരുന്നു. വോട്ടിൽ മെഷ്യനുകളിൽ പതിച്ച രണ്ട് അരിവാൾ ചുറ്റികകളിൽ ഒന്നിലും വിരളമർത്തി അരിവാൾ നെൽകതിരിലും വിരലമർത്തിയെങ്കിലും സ്വന്തം നേതാവിൻ്റെ പേരിന് നേരെയുള്ള അരിവാൾ ചുറ്റികയിൽ തൊടാൻ മടിച്ച പാർട്ടിക്കാരുടെ പ്രതികാരത്തിന് കാരണം എന്ത് ?
തോല്പിച്ചത് സ്വന്തംപാർട്ടിക്കാർ തന്നെ എന്നതിന് തർക്കവുമില്ല ? കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാകാൻ സിപിഐ എം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ജില്ലാ കമ്മറ്റി അംഗം കെ.കെ സുരേഷിൻ്റെ തോൽവിയിൽ ഞെട്ടി തരിച്ച് നേതൃത്വം.
കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ സി പി എമ്മിന്റെ ഉരുക്കു കോട്ടയായ മൊകേരി മുറുവശ്ശേരി വാർഡിലാണ് മുൻ ഏരിയാ സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവും ഒപ്പം സംസ്ഥാന കമ്മറ്റി അംഗവും മുൻ എം എൽയുമായ കെ.കെ.ലതികയുടെ സഹോദരനുമായ കെ.കെ.സുരേഷ് അഞ്ച് വോട്ടിന് തോറ്റത് . ഇത് പാർട്ടി സഖാക്കൾക്ക് ഇടയിലെ തുറന്ന അഭിപ്രായ സ്വത്രന്ത്രത്തിന് നേരെ കണ്ണുരുട്ടുന്ന പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

കോൺഗ്രസിലെ നസീർ നാളോങ്കണ്ടിയോട് അഞ്ച് വോട്ടിനാണ് സുരേഷ് പരാജയപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി സിപിഐ എമ്മിലെ യശോദയ്ക്ക് 524 വോട്ട് ലഭിച്ചപ്പോൾ സുരേഷിന് 452 വോട്ടാണ് ലഭിച്ചത്. 219 വോട്ടിന്റെ കുറവ്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയായ സി പിഐയിലെ റീജ അനിലിനും സുരേഷിനേക്കാൾ നൂറിൽ പരം വോട്ടു ലഭിച്ചു. വാർഡിൽ സി പിഐക്ക് കാര്യമായ വോട്ടില്ല.
പാർട്ടിക്കുള്ളിൽ നിന്നുണ്ടായ വലിയ തോതിലുള്ള അടിയൊഴുക്കിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കെ കെ സുരേഷ് കക്കട്ടിൽ റൂറൽ ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനവും, ഏരിയാ സെക്രട്ടറി സ്ഥാനവും രാജിവച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്.
ഏരിയാ സെക്രട്ടറിയായി പിസി ഷൈജുവിനെയും റൂറൽ ബാങ്കിൽ പകരക്കാരം ഡയറക്ടറായി സഹോദരി ഭർത്താവ് പി മോഹനനെ തിരഞ്ഞെടുക്കുകയും അദ്ദേഹം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ട് ആവുകയും ചെയ്തിരുന്നു.

അച്ഛനും അന്തരിച്ച സിപിഐ എം നേതാവുമായ കെ.കെ കുഞ്ഞ്യാത്തുവും സഹോദരിയും കെ.കെ ലതികയും വർഷങ്ങളോളം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകളുടെ ഭർത്താവായിരുന്നു ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്.
കുറച്ചുകാലമായി കുന്നുമ്മൽ മേഖലയിലെ അധികാര സ്ഥാനങ്ങൾ കൈയ്യടക്കി വെച്ചവരോടുള്ള അതൃപ്തിയാണ് തോല്‌വി ക്കിടയാക്കിയതെന്ന സ്വകാര്യം പറച്ചിലാണ് പാർട്ടി അണികൾക്കിടയിലുള്ളത്. എന്നാൽ ഏറെ ജനകീയനും ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന കെ കെ സുരേഷിൻ്റെ തോൽവി എതിരാളികളെ പോലും ഞെട്ടിച്ചിട്ടുണ്ട്.
Kunnummal Panchayat, CPM District Committee, Kozhikode



































