(https://moviemax.in/) ഷെയ്ൻ നിഗം നായകനാകുന്ന 'ഹാൽ' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. രണ്ടു തവണ സിനിമ കണ്ടതിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സിനിമയിലെ മൂന്ന് രംഗങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് നൽകിയ ഹർജിയിലാണ് തീരുമാനം.
സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ടാണ് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത്തരം രംഗങ്ങൾ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് സിനിമ വീണ്ടും കണ്ടത്.
വീര സംവിധാനം ചെയ്ത 'ഹാൽ' പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ‘ഹാൽ’ സിനിമയിൽ 16 ഭാഗങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ഇടത്ത് സിനിമ ആദ്യം കണ്ട സിംഗിൾ ബെഞ്ച് ജസ്റ്റിസ് വി.ജി. അരുൺ രണ്ട് ഭാഗങ്ങൾ മ്യൂട്ട് ചെയ്യണമെന്നാണ് ഉത്തരവിട്ടത്. സിനിമയിലെ സംഭാഷണത്തിലെ ധ്വജ പ്രണാമത്തിലെ 'ധ്വജ'വും, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
സെൻസർ ബോർഡിന്റെ നിബന്ധനകൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സിനിമയുടെ ഉള്ളടക്കത്തിലേക്കുള്ള കടന്നുകയറ്റം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷത, സാഹോദര്യം എന്നിവ അവഗണിച്ചാകരുത് നിയന്ത്രണങ്ങളെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ജെവിജെ പ്രൊഡക്ഷൻസ് ആണ് 'ഹാൽ' നിർമിക്കുന്നത്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് നിർമിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ ഒരു പ്രണയ ചിത്രമായിരിക്കും 'ഹാൽ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജോയ് മാത്യു, മധുപാൽ, കെ.യു. മനോജ്. നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
നിഷാദ് കോയയുടേതാണ് തിരക്കഥ. രാജ് സാഗർ ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം - പ്രശാന്ത് മാധവ്മേക്കപ്പ് - അമൽ,കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രവീൺ വിജയ്, പ്രകാശ്. ആർ. നായർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ബിജു. പി.കെ., പിആർഒ വാഴൂർ ജോസ്.
The High Court rejected the petition to stop the movie 'Haal'.

































