Dec 12, 2025 12:44 PM

( moviemax.in) ദിലീപിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് ഹരിശ്രീ യൂസഫ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് നേരത്തെ മനസിലാക്കിയിരുന്നു ഞാന്‍ എന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ദിലീപിനെക്കുറിച്ച് സംസാരിച്ചത്. എടാ ഞാനങ്ങനെ ചെയ്യുമോടാ, എനിക്കുമൊരു മോളുള്ളതല്ലേടാ. ദിലീപേട്ടന്‍ അമേരിക്കയില്‍ വെച്ച് എന്നോട് പറഞ്ഞതാണ്.

കണ്ണില്‍ ചെറിയൊരു നനവുമുണ്ടായിരുന്നു ഇത് പറയുമ്പോള്‍. അത് കേട്ടതോട് കൂടി ഞാന്‍ അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല. ഈയൊരു വിഷയം നടന്നതിന് ശേഷം ദിലീപേട്ടനൊപ്പം ഒരു അമേരിക്കന്‍ ഷോയില്‍ ഞാന്‍ പോയിരുന്നു. രമേഷ് പിഷാരടി, ധര്‍മ്മജന്‍, പാഷാണം ഷാജി, നാദിര്‍ഷക്ക അങ്ങനെ കുറേ പേരുണ്ടായിരുന്നു. 

ഇതിന് മുന്നേ ഞാന്‍ ജയറാമേട്ടനൊപ്പം അമേരിക്കന്‍ ഷോയില്‍ പോയിരുന്നു. സൂപ്പര്‍ഹിറ്റായിരുന്നു ആ ഷോ. ടിക്കറ്റ് കിട്ടാതെ ജനങ്ങള്‍ വഴക്കുണ്ടാക്കി പോവുന്ന അവസ്ഥ വരെയുണ്ടായിരുന്നു അന്ന്. ഒരു പള്ളിയുടെ ഓഡിറ്റോറിയത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അവിടെ കൊള്ളാവുന്നതിലും അധികം ആളുകള്‍ വന്നിരുന്നു. അത്രയ്ക്കും നല്ല രീതിയില്‍ ആളുകള്‍ ഞങ്ങളോട് സഹകരിച്ച ഷോയായിരുന്നു 2015 ലെ ജയറാം ഷോ.

അതിന് ശേഷമായിരുന്നു ദിലീപേട്ടനൊപ്പം പോവുന്നത്. ആ സമയത്തായിരുന്നു ഈയൊരു വിഷയങ്ങള്‍ ഇവിടെ ഉണ്ടാവുന്നത്. ഈ വിഷയങ്ങള്‍ ഭയങ്കരമായിട്ട് ഞങ്ങളുടെ ഷോയെ ബാധിച്ചിരുന്നു. കാരണം അവിടെ തന്നെ രണ്ട് വിഭാഗം അഭിപ്രായമുള്ളവരായിരുന്നു.

ദിലീപിനെ ഈ ഷോയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് കൊണ്ടുവരരുതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. ഇത് നടക്കരുതെന്ന് പറഞ്ഞ് പാര വെക്കാന്‍ കുറേപേരുണ്ടായിരുന്നു. അത് പറ്റില്ല, നമ്മളൊരു ഷോ ബുക്ക് ചെയ്തതാണ്. യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ അദ്ദേഹത്തെ നമ്മള്‍ ക്രൂശിക്കാന്‍ പാടില്ലെന്നായിരുന്നു മറുവിഭാഗം പറഞ്ഞത്.

ആളുകള്‍ വരുന്നതിന് വേണ്ടി ഞങ്ങള്‍ നോക്കിയിരിക്കുന്ന അവസ്ഥ. അവാര്‍ഡ് പടം പോലെയായിരുന്നു എല്ലാം. ദിലീപേട്ടനും നല്ല ടെന്‍ഷനിലായിരുന്നു. എടാ ആളുകള്‍ വരുന്നുണ്ടോയെന്ന് ദിലീപേട്ടനും ചോദിക്കുന്നുണ്ട്. ഇല്ലെന്ന് പറയുമ്പോള്‍ അദ്ദേഹവും സങ്കടത്തിലായിരുന്നു. ഈയൊരു തെറ്റിദ്ധാരണയൊക്കെ മാറ്റണമല്ലോ, അതിന് വേണ്ടി ഞങ്ങളൊരു സ്‌കിറ്റൊക്കെ പ്ലാന്‍ ചെയ്താണ് പോയത്. ദിലീപേട്ടന്‍ സദസില്‍ നിന്നും നടന്നുവരും. അപ്പോള്‍ ഞാനും പിഷാരടിയുമൊക്കെ അവിടെയുള്ള സംഘാടകരാണ്.

മിസ്റ്റര്‍ ദിലീപ്, നിങ്ങളെക്കുറിച്ച് കുറച്ച് ആരോപണങ്ങളൊക്കെ വന്നല്ലോ, അതിന്റെ സത്യാവസ്ഥ ഞങ്ങള്‍ക്ക് അറിയണം എന്ന ചോദ്യം ചോദിക്കാനായിരുന്നു എന്നോട് പറഞ്ഞത്. ഞാന്‍ കൈയ്യില്‍ നിന്നിട്ട് ചോദിച്ചതൊന്നുമല്ല. അത് പറയാം, അതിന് മുന്നെ യൂസഫ് എന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ പേഴ്‌സ് ഇങ്ങോട്ട് തരൂയെന്ന് പറഞ്ഞു. കളിക്കല്ലേ, ഞാന്‍ പേഴ്‌സൊന്നും എടുത്തിരുന്നില്ല.

സ്റ്റേജില്‍ കയറാനായി വരുമ്പോള്‍ നിങ്ങളെന്റെ പുറകിലുണ്ടായിരുന്നല്ലേ, അപ്പോള്‍ പേഴ്‌സെടുത്തില്ലേയെന്നായിരുന്നു പിന്നെയും പറഞ്ഞത്. ഞാന്‍ മാന്യനാണ്, എനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടതില്ലെന്ന് ഞാന്‍ പറയുന്നുണ്ട്. അതിനിടയിലാണ് പിഷാരടിയും, മോശം കാര്യങ്ങളാണ് നിങ്ങള്‍ ഈ ചെയ്തത്, അതങ്ങ് കൊടുത്തേര് എന്നൊക്കെ പറയുന്നുണ്ട്. പേഴ്‌സ് കൊടുക്കാനാണ് ധര്‍മ്മജനും പറയുന്നത്. കൂടെ നിന്നവരെല്ലാം എന്നെ തള്ളിപ്പറയുകയാണ്.

നിങ്ങള്‍ ഈ പറഞ്ഞത് കേട്ട് ഇവരെല്ലാം എന്നെ തെറ്റിദ്ധരിക്കുന്നു. ഇനിയും എന്നെ ബുദ്ധിമുട്ടിക്കരുത്. സത്യം പറയൂ എന്ന് പറഞ്ഞപ്പോള്‍, യൂസഫേ നീ ഇപ്പോള്‍ അനുഭവിച്ചില്ലേ, അതാണ് എന്റെയും അവസ്ഥ. ചെയ്യാത്ത തെറ്റിനാണ് ഞാന്‍ ക്രൂശിക്കപ്പെട്ട് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിറകൈയ്യടിയായിരുന്നു സ്‌കിറ്റിന് ലഭിച്ചത്.

അതിനിടയിലാണ് ഞാനാണ് ഇത് ചോദ്യം ചെയ്യുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ട് വന്നത്. അമേരിക്കന്‍ പര്യടനത്തിനിടെ ഹരിശ്രീ യൂസഫാണ് ഇതേക്കുറിച്ച് ചോദിച്ചത് എന്നൊക്കെയായിരുന്നു റിപ്പോര്‍ട്ട്. കാര്യം മനസിലാക്കാതെയായിരുന്നു അവര്‍ റിപ്പോര്‍ട്ട് കൊടുത്തത്. പിഷാരടിയൊക്കെ വിളിച്ച് പണി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

എന്നെ ചോദ്യം ചെയ്യാനൊന്നും വിളിച്ചിരുന്നില്ല. അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ എത്ര ഷോകള്‍ സന്തോഷത്തോടെ ചെയ്തിട്ടുണ്ട്. എവിടെ വെച്ച് കണ്ടാലും യൂസഫിക്കാ എന്ന് പറഞ്ഞ് വന്ന് സംസാരിക്കുന്ന ആളാണ്. അവള്‍ക്ക് ഇങ്ങനെ സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും യൂസഫ് പറഞ്ഞിരുന്നു.






Harishree Yusuf about Dileep, what Dileep said with a slight tear in his eye that day

Next TV

Top Stories










News Roundup