തൃശൂർ: ( www.truevisionnews.com ) വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും അറസ്റ്റിൽ. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഭർതൃപീഢനത്തിൽ മനംനൊന്താണ് അർച്ചന ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അതേസമയം, അർച്ചനയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അർച്ചനയുടെ മരണം കൊലപാതകമെന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
അങ്കണവാടിയിൽ പോയ സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. 20 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം.
ഏഴ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അളഗപ്പനഗര്‍ പോളി ടെക്നിക്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അര്‍ച്ചന കുറച്ച് കാലം ജോലി നോക്കിയിരുന്നു. അര്‍ച്ചനയുടെ അമ്മ വീടിന് സമീപം ഷാരോണും കുടുംബവും വാടകയ്ക്ക് താമസിക്കാനെത്തിയപ്പോഴുള്ള പരിചയമാണ് പ്രണയത്തിലെത്തിയതും വീടുവിട്ടിറങ്ങിപ്പോകുന്നതിന് കാരണമായതും.
അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന്‍ ഹരിദാസ് പറയുന്നു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ല നിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
Archana's death, mother-in-law arrested, dowry harassment charges filed

































