നടനെന്ന നിലയില്‍ വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് മമ്മൂട്ടി. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ. വിനായകന്‍ അച്ചടക്കമുള്ള നടനാണെന്നും മമ്മൂട്ടി പറഞ്ഞു. 'കളങ്കാവല്‍' റിലീസിന് മുന്നോടിയായി മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിനായകനും ചേഞ്ചായിരിക്കും, നമുക്കും ഒരു ചേഞ്ച് ആയിരിക്കും. വിനായകന്‍ മുമ്പ് പോലീസായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനത്തെ വേഷങ്ങള്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. മറ്റ് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞാല്‍ സ്‌പോയിലര്‍ ആയിപ്പോവും. വിനായകന്റെ വളര്‍ച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്‌നവും ആത്മാര്‍ഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാന്‍ പറ്റുകയുള്ളൂ.
നമുക്കുവേണ്ടി ആരും അഭിനയിക്കാന്‍ വരില്ല, നമ്മള്‍ തന്നെ അഭിനയിക്കണം. ഓണസ്റ്റായിരിക്കണം, ഡെഡിക്കേറ്റഡായിരിക്കണം, സിപിംള്‍ ആയിരിക്കണം- ഞാന്‍ ഒരാളുടെ ക്വാളിറ്റി പറയുമ്പോള്‍ ഇതൊന്നും പലപ്പോഴും എനിക്ക് ഇല്ലാത്തത് കൂടെയാണെന്ന് ആലോചിക്കണം. ഇതൊക്കെ വിനായകനുണ്ടെന്നാണ് എന്റെ അഭിപ്രായം'- വിനായകനെക്കുറിച്ചും ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷത്തേക്കുറിച്ചും മമ്മൂട്ടി പറഞ്ഞു.
'അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരേ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങള്‍ക്ക് അയാള്‍ക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്. ഏത് നടനായാലും അയാള്‍ക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയണമെങ്കില്‍, നല്ല പ്രകടനം കാഴ്ചവെക്കണം. വിശ്വസിപ്പിക്കാന്‍ കഴിയണം. അതാണ് വിനായകന്റെ വിജയവും ഇപ്പോള്‍ എത്തിനില്‍ക്കുന്നതിന്റെ രഹസ്യവും'- മമ്മൂട്ടി അഭിപ്രായപ്പെട്ടു.
'യുവാക്കളുമായി സഹകരിക്കുന്നത് കഴിവൊന്നുമല്ല, വേറെ വഴിയില്ലാഞ്ഞിട്ടാണ്. അവര്‍ക്ക് ടെന്‍ഷനോ സമ്മര്‍ദമോ ഉണ്ടാവാതിരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്', പുതിയ സംവിധായകരുമായി സഹകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് മമ്മൂട്ടി പ്രതികരിച്ചു.
എങ്ങനെയുള്ള കഥയുമായി വന്നാല്‍ മമ്മൂട്ടിയെ ഇംപ്രസ് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ: ഒരിക്കലും കഥ എന്നെ മനസില്‍ കണ്ടുകൊണ്ട് എഴുതരുത്. എന്നെ മനസില്‍കണ്ടുകൊണ്ട് എഴുതിയാല്‍ കഥാപാത്രം ഞാന്‍ ആയിപ്പോവും. കഥാപാത്രം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. എങ്കിലെ ‘കളങ്കാവല്‍’ പോലുള്ള സിനിമകള്‍ ഉണ്ടാവുകയുള്ളൂ.
Vinayakan is a disciplined actor I am amazed by his growth Mammootty




























