( moviemax.in) നടൻ തിലകന്, സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു എന്ന് മകൻ ഷമ്മി തിലകൻ. ജോസ് പെല്ലിശ്ശേരി ചാലക്കുടി സാരഥിക്ക് വേണ്ടി സംവിധാനം ചെയ്ത 'ഒരു പുലയൻ തമ്പുരാനാകുന്ന കഥ' എന്ന നാടകം സിനിമയാക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരുന്നത്.
എന്നാൽ, നാടകം സിനിമയാക്കി വിജയിച്ച ചരിത്രം കുറവായതിനാൽ, സിനിമ ചെയ്യാൻ മമ്മൂട്ടിക്ക് ഭയമുണ്ടായിരുന്നു എന്നും അതിനാലാണ് ആ പ്രോജക്ട് ഉപേക്ഷിച്ചതെന്നും ഷമ്മി തിലകൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കൈനകരി തങ്കരാജ് അഭിനയിച്ച ഒരു നാടകമുണ്ടായിരുന്നു. ഒരു പുലയൻ തമ്പുരാനാകുന്ന കഥയാണത്. അച്ഛൻ സംവിധാനം ചെയ്യുകയും ഞാൻ സഹസംവിധാനം ചെയ്യുകയും ചെയ്ത നാടകമാണത്. ഇത് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു. അദ്ദേഹം പേടിച്ച് പോയി.
കാരണം പലപ്പോഴും നാടകം സിനിമയാക്കുമ്പോൾ സിനിമ പരാജയപ്പെടുക പതിവാണ്. അതിൽ ആകെ വിജയിച്ചിട്ടുള്ളത് കാട്ടുകുതിരയാണ്. അങ്ങനെ ഒരു അവസ്ഥയിൽ മമ്മൂക്കയ്ക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അച്ഛൻ അത് ഡ്രോപ്പ് ചെയ്തത്. അല്ലെങ്കിൽ അച്ഛന് അത് മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്ന് അതിയായ ആഗ്രഹമുള്ള സിനിമയായിരുന്നു', ഷമ്മി തിലകന്റെ വാക്കുകൾ.
പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയാണ് ഷമ്മി തിലകൻ പ്രധാന കഥാപാത്രമായി ഇപ്പോൾ തിയേറ്ററിലെത്തിയ ചിത്രം. ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'.
എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
Content Highlight: Thilakan's wish, Shammi Thilakan says, Mammootty film

































