കോഴിക്കോട് : ( www.truevisionnews.com ) പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേസിലെ മുഖ്യ പ്രതിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നും നാടുകടത്തി.
പെരിങ്ങത്തൂർ ലക്ഷം വീട്ടിൽ വട്ടക്കണ്ടി പറമ്പത്ത് വി.കെ സവാദി (36)നെയാണ് നാടുകടത്തിയത്. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്.
തലശേരി - പെരിങ്ങത്തൂർ - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്‌ണുവിനെയാണ് ബസിൽ കയറി ക്രൂരമായി ആക്രമിച്ചത്.
ഇത് കൂടാതെ ഇയാൾക്കെതിരെ ഒൻപതോളം വേറെയും കേസുകളുണ്ടെന്ന് ചൊക്ലി എസ്.എച്ച്.ഒ കെ.വി പ്രദീഷ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടു കടത്തിയത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയാണ് ഉത്തരവിട്ടത്.
പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കത്തിന് തുടക്കം . തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു പറഞ്ഞിരുന്നു.
ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല.
വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടു. ജൂലൈ 29 ആം തീയതിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച്, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്.
Jagannath bus plying on Thottilpalam - Thalassery route deported after being charged with assaulting conductor

































