പാലക്കാട്: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ ഡിജിപിക്ക് പരാതി നൽകി പാലക്കാട് ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് സന്ദീപ് വാര്യർക്കെതിരെ പരാതി നൽകിയത്.
ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്. അതിജീവിത നൽകി പരാതിയിൽ ഇന്നലെ സന്ദീപ് വാര്യരുൾപ്പെടെ നാലുപേരെ കേസിൽ പ്രതിയാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജി നൽകിയതായാണ് വിവരം.
അതേസമയം, സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും.
ഇവർക്ക് ഹാജരാകാനായി സൈബർ പൊലീസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു.
പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്.
Harassment complaint against Rahul Mangkootatil, cyber abuse against survivor Sandeep Warrier, Palakkad DYFI

































