പാലക്കാട്: ( www.truevisionnews.com) ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കേസിലെ 55-ാം പ്രതി ഷാഹുല്‍ ഹമീദിനെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഒമാനിലേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എന്‍ ഐ എ പിടികൂടിയത്.
ഗൂഢാലോചന, പ്രതികളെ ഒളിവില്‍ താമസിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി. കേസില്‍ മൊത്തം 71 പ്രതികളാണ് ഉളളത്.
ഇന്നലെയാണ് ഷാഹുല്‍ ഹമീദിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒമാനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുകയും തുടര്‍ച്ച് കൊച്ചിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഷാഹുലിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഇനി ഏഴ് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്.
2022 ഏപ്രില്‍ 16-നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
കേസില്‍ ചില പ്രതികള്‍ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു. അതിനിടെയാണ് എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്.
RSS leader Sreenivasan murder case One more accused arrested

































