കൊച്ചി: ( www.truevisionnews.com) രാജ്‌മോഹന്‍ ഉണ്ണിത്താന് ഭീഷണിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിശ്വസ്തന്‍ ജയന്ത് ദിനേശ്. ഉണ്ണിത്താന്‍ തല മറന്ന് എണ്ണ തേയ്ക്കരുതെന്നും തേച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചുതരുമെന്നുമായിരുന്നു ജയന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സദാചാര പ്രശ്‌നത്തില്‍ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരന്‍ സംരക്ഷണം ഒരുക്കിയിരുന്നു. പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല സുധാകരന്റെ സംരക്ഷണമെന്നും ജയന്ത് കുറിച്ചു.
'അന്നും ഇന്നും എന്നും
ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .
പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസുകളൊക്കെ എന്തായി.
ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരും', ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനമാണ് രാജ്മോഹൻ ഉണ്ണിത്താൻ ഇന്ന് നടത്തിയത്. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. ഇരയോട് അപമര്യാദയായി പെരുമാറി. രാഹുലിന്റെ പിആര്‍ സംഘം ആക്രമണം നടത്തി. ഇരയെ മുഖ്യമന്ത്രിയുടെ മുമ്പില്‍ എത്തിച്ചത് രാഹുലാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.
കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാൻ രാഹുൽ ശ്രമിച്ചു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ് പാർട്ടിയിൽ നിന്നും പിന്തുണച്ചവർ മാറി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ ഓരോ കാലത്തും ഓരോ കാര്യങ്ങൾ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.
അതേസമയം, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Rajmohan Unnithan is threatened by K Sudhakaran's confidant Jayant Dinesh


































