തിരുവനന്തപുരം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജെഎഫ്സിഎം 7ലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്. ബലാത്സംഗ ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു.
പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾപ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവർത്തകരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഏതെങ്കിലും വിമാനത്താവളങ്ങൾ വഴി രാജ്യം വിടാൻ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയർപോർട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
rahul mamkootathil rape case secret statement

































