തിരുവനന്തപുരം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിരപരാധിത്വം തെളിയും വരെ രാഹുലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് കെ. മുരളീധരൻ്റെ പ്രസ്താവന. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും നേതാക്കളുമായി വേദി പങ്കിടാനും അനുവദിക്കില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
തദ്ദേശതെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉയരുകയാണ്. വിഷയത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് രാഹുൽ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. അത് തടയാൻ പാർട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് ക്ഷണിച്ചിട്ടല്ല രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് എന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഇന്നലെ നൽകിയ വിശദീകരണം. എന്നാൽ രാഹുലിന്റെ സാന്നിധ്യം ഗുണം ചെയ്യും എന്ന് പറയുന്ന കെ. സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കളുമുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ട എന്നാണ് നിലവിൽ നേതൃത്വത്തിന്റെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിലിനെപിന്തുണച്ച് സുധാകരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഇന്നലെയാണ് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.
k muraleedharan responds to rahul mamkootathil issue
































.jpeg)
.jpeg)