മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു ജിഷ്ണു രാഘവൻ. 2002-ൽ കമൽ സംവിധാനം ചെയ്ത ‘നമ്മളി’ലൂടെ നായകനായി അരങ്ങേറിയ ജിഷ്ണു പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായി. നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ കാൻസർ പിടികൂടുന്നത്.
2016-ലായിരുന്നു കാൻസറിനോട് പൊരുതി ജിഷ്ണു വിടവാങ്ങുന്നത്. ഇപ്പോഴിതാ, മകന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ രാഘവൻ. ജിഷ്ണുവിന് രോഗം ഗുരുതരമായിരുന്നു. എന്നാലും, കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനിടയിൽ, ബംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തതാണ് വിനയായത്.
മകനെ ഓർക്കുന്നതിന് ഒരു ഫോട്ടോ പോലും വീട്ടിൽ കരുതിയിട്ടില്ലെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാഘവന്റെ വാക്കുകൾ
അത് അങ്ങനെയാണ് വരേണ്ടത്. ഞാൻ ഒരു കാര്യത്തെക്കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം, നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് ഒരു ഷോക്കായിരുന്നു. കാലമെല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. ആരുടെയൊക്കെയോ വാക്കുകേട്ട് അവൻ ബെംഗളൂരുവിൽനിന്ന് ഓപ്പറേഷൻ ചെയ്തു. ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.
ഓപ്പറേറ്റ് ചെയ്ത് ഈ തൊണ്ട മുഴുവൻ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിലൂടെ കൊടുക്കേണ്ട കാര്യം എന്തായിരുന്നു. അങ്ങിനെ ആണെങ്കിൽ മരിച്ചാൽ പോരെ. എന്തിനാണ് ഇങ്ങനെയാരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് പറഞ്ഞ് ഞാനും അവന്റെ അമ്മയും നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടം. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. ഞങ്ങൾ അനുഭവിച്ചു.
കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ലേക്‌ഷോറിലെ ഡോക്ടർമാരും ഇക്കാര്യംതന്നെ പറഞ്ഞു. പക്ഷേ, അത് കേട്ടില്ല. എല്ലാം കളഞ്ഞു കഴിഞ്ഞാൽ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയിൽ ഞങ്ങൾ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും. ഞങ്ങൾ അവനെ ഓർക്കാറേ ഇല്ല. പക്ഷേ, നിങ്ങൾ ഇപ്പോൾ ഓർമിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല.
actor raghavan opens up about son jishnus cancer treatment
































