തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബർ 24 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതിതീവ്ര ന്യൂനമർദ്ദവും ചുഴലിക്കാറ്റ് സാധ്യതയും തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നുണ്ട്. നിലവിൽ മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം, അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിനിടെ ഈ തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി നാളെയോട് കൂടി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും ഇത് വീണ്ടും ശക്തി പ്രാപിച്ചേക്കാം. ഇതിന് പുറമെ തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ഒരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.
Low pressure, cyclone, rain likely kerala

































