കൊയിലാണ്ടി: ( www.truevisionnews.com) കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യനാൾ മത്സര സമയം മാറ്റിയത് വിദ്യാർത്ഥികൾക്ക് വിനയായി. വിജയ പ്രതീക്ഷയോടെ വന്ന ഫാത്തിമ ഷുഹദ മടങ്ങിയത് നെഞ്ചു പിടഞ്ഞ് കണ്ണ്നനഞ്ഞ്. കലോത്സവ പ്രതിഭകളെ പിന്തുണക്കേണ്ട ചില അധ്യാപകരുടെ അശ്രദ്ധയാണ് ഒരു വിദ്യാർത്ഥിനിയുടെ മനസിൽ സങ്കട കടൽ തീർത്തത്.
കോഴിക്കോട് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി പെരുമണ്ണ സ്വദേശി സലാവുദ്ധീൻ്റെ മകൾ ഫാത്തിമ ഷുഹദയ്ക്കാണ് മത്സര സമയം മാറ്റിയത് അറിയാതെ ഉപന്യാസം പാതിവഴിയിൽ നിർത്തേണ്ടിവന്നത്.
ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി ഉപന്യാസ രചനയുടെ സമയം തിങ്കളാഴ്ച്ച പകൽ രണ്ട് മണിക്കാണ് പോഗ്രാം കമ്മറ്റി ആദ്യം നിശ്ച്ചയിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ഫാത്തിമയെ അറിയിച്ചത് . എന്നാൽ അന്ന് വൈകിട്ട് ആറോടെ മത്സര സമയം മാറ്റിയതായി പോഗ്രാം കമ്മറ്റിയുടെ അറിയിപ്പ് വന്നത് ചുമതലയുള്ള അധ്യാപികയുടെ ശ്രദ്ധയിൽ വന്നില്ല.
എന്നാൽ മത്സരം ഇന്ന് രാവിലെ 10.15 ന് തന്നെ ആരംഭിച്ചു. വിദ്യാർത്ഥി പതിനൊന്ന് മണിയോടെയാണ് എത്തിയത്. മത്സരത്തിൽ പങ്കെടുക്കാൻ കുട്ടിയെ പോഗ്രാം കമ്മറ്റി അനുവദിച്ചു. ഒപ്പം അധിക സമയം നൽകി.
എന്നാൽ അധിക സമയം നൽകിയ കാര്യം മത്സര ഹാളിൽ നിന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്ന് ഫാത്തിമ ഷുഹദ പറഞ്ഞു. സംഘാടകരുടെയും അധ്യാപകരുടെയും ഭാഗത്ത് നിന്ന് കൂടുതൽ ജാഗ്രത വേണമെന്ന സന്ദേശമാണ് ഈ വിദ്യാർത്ഥിനിയുടെ അനുഭവം വ്യക്തമാക്കുന്നത്.
Kozhikode District School Arts Festival, Essay Competition, Time Change

































