ചെങ്ങമനാട് (എറണാകുളം): ( www.truevisionnews.com ) തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽനിന്നിറങ്ങുമ്പോൾ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീണ് സ്ഥാനാർഥിക്ക് പരിക്ക്. ആലുവ നിയോജക മണ്ഡലം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ടി. ശാന്തമണിക്കാണ് പരിക്കേറ്റത്. വലതു തോളെല്ലിന് പൊട്ടലും, നെറ്റിയിൽ സാരമായ മുറിവുമുണ്ട്. സ്റ്റെപ്പിറങ്ങുന്നതിനിടെ കാൽ വഴുതി മുറ്റത്ത് പാകിയ കരിങ്കൽ ടൈലിൽ തെറിച്ച് വീഴുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ആറ്റിങ്ങൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.എസ് അംബികക്ക് സ്ലാബ് തകർന്ന് പരിക്കേറ്റിരുന്നു . തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയാണ് സ്ഥാനാർഥിക്ക് പരിക്കേറ്റത്. നിസ്സാര പരിക്കുകൾ മാത്രമാണ് ഉള്ളതെന്ന് അംബിക ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം.
കാരേറ്റ് , പുളിമാത്ത് പഞ്ചായത്തിലെ വോട്ടർമാരെ കാണുന്നതിനിടയിൽ സ്വകാര്യ വ്യക്തി കടയിലേക്ക് പോകുവാൻ നിർമ്മിച്ച സ്ലാബാണ് തകർന്നത്. സ്ഥാനാർഥിയുടെ കൂടെ പോയ പ്രവർത്തകർക്കും നിസാര പരിക്കുകൾ ഉണ്ടായിട്ടുണ്ട്.
LDF candidate injured after slipping and falling in backyard while campaigning

































