പാലക്കാട്: ( www.truevisionnews.com) അട്ടപ്പാടി അഗളിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഐഎം പ്രാദേശിക നേതാവിനെതിരെ ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി.
18-ാം വാര്‍ഡില്‍ മത്സരിക്കുന്ന അട്ടപ്പാടിയിലെ മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന് നേരെയാണ് വധഭീഷണിയുണ്ടായത്. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയും' എന്നാണ് ഭീഷണി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നു. 'എനിക്ക് ഇനി പാര്‍ട്ടിയൊന്നുമില്ല. മേലെ നോക്കിയാല്‍ ആകാശം താഴെ നോക്കിയാല്‍ ഭൂമിയെന്ന അവസ്ഥയാണ്. ഒടയ തമ്പുരാന്‍ വന്ന് പറഞ്ഞാലും ഞാന്‍ മാറില്ല', എന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
'പാര്‍ട്ടിക്കെതിരെ നിന്നാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ കൊല്ലേണ്ടി വരും. ഇപ്പോള്‍ സ്‌നേഹത്തോടെ സംസാരിച്ചു. ഇനി അത് പറ്റില്ല. തട്ടിക്കളയും', എന്നാണ് ജംഷീര്‍ ഭീഷണിപ്പെടുത്തിയത്. 18-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഭീഷണിയുണ്ടെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
നീതിപൂര്‍വമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 42 വര്‍ഷത്തോളം സിപിഐഎം പ്രവര്‍ത്തകനായിരുന്ന രാമകൃഷ്ണന്‍ ആറ് വര്‍ഷം ഏരിയാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
CPM leader threatens to kill if forced to withdraw from elections

































