(https://truevisionnews.com/) തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യുഎഇ നൽകിയ സെൻ-യാർ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കുണ്ട്.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.കന്യാകുമാരിക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.
Rain likely in Kerala, Bay of Bengal, cyclone likely

































