Nov 20, 2025 09:07 PM

തിരുവനന്തപുരം: ( www.truevisionnews.com) ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്.

എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.

ഇന്ന് ഉച്ചയോടെയായിരുന്നു എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നും എസ്ഐടി നിഗമനം.

മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്, അന്നത്തെ പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നെന്നാണ് മുരാരി ബാബു മൊഴി നല്‍കിയിരുന്നു. താന്‍ ചെമ്പ് പാളികള്‍ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ല.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയത്. കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. ആരെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്നെഴുതുമായിരുന്നുവെന്നും മുരാരി ബാബു മൊഴി നല്‍കിയിരുന്നു.

a padmakumar sabarimala gold robbery case remanded

Next TV

Top Stories










News Roundup