കൊച്ചി: ( www.truevisionnews.com ) കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിൽ പ്രതികരണവുമായി മുൻ എംഎൽഎ പി.വി അൻവർ. കസ്റ്റംസിനെ ഏൽപ്പിക്കാതെ പൊലീസ് സ്വർണക്കടത്ത് പിടിക്കുന്നു എന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
എംഎൽഎ ആയിരിക്കെ ഈ വിഷയങ്ങൾ ഉന്നയിച്ച് അൻവർ രംഗത്ത് വന്നിരുന്നു. അൻവറിന്റെ ആരോപണങ്ങളെ സ്ഥിരീകരിക്കുന്ന കാര്യങ്ങളാണ് കസ്റ്റംസ് സത്യവാങ്മൂലത്തിലുള്ളത്.
കസ്റ്റംസ് പരിധിയിൽ വരുന്ന ഏതൊരു കള്ളക്കടത്ത് വസ്തുവും മറ്റൊരു ഏജൻസിയുടെ ശ്രദ്ധയിൽ പെടുകയോ പിടിക്കപ്പെടുകയോ ചെയ്‌താൽ ഉടൻ തന്നെ പ്രതിയെയും തൊണ്ടിമുതലും കസ്റ്റംസിനെ ഏൽപ്പിക്കണമെന്നാണ് നിയമം. ഇത് ചൂണ്ടികാണിച്ച് കസ്റ്റംസ് കലക്ടറും കമ്മീഷണറും നിരവധി തവണ അന്നത്തെ ഡിജിപിക്ക് ഉൾപ്പെടെ കത്തെഴുതിയിട്ടുണ്ട്.
അൻവർ പറഞ്ഞു. മാത്രമല്ല പിടിച്ചുകൊണ്ടുപോകുന്ന സ്വർണം കൈകാര്യം ചെയ്യാൻ തട്ടാന് ഒരു ഫീസ് കൊടുക്കേണ്ടതുണ്ട്. അതിനുള്ള വകുപ്പോ തുകയോ ഒന്നും പൊലീസ് വകുപ്പിനില്ല. പിന്നെ എങ്ങനെയാണ് അവർ ഇത് കൈകാര്യം ചെയ്യുന്നതെന്നും അൻവർ ചോദിച്ചു.
കസ്റ്റംസിന്റെ അധികാരപരിധിയിൽ കടന്നുകയറി സ്വർണം കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് പൊലീസ് ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും അൻവർ ആരോപിച്ചു. അതുകൊണ്ടാണ് കസ്റ്റംസിന് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട നേരത്തെ തന്നെ താൻ ഉന്നയിച്ചിരുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നു. മജിസ്‌ട്രേറ്റിൻറെ അനുമതി വാങ്ങാതെ പൊലീസ് വ്യക്തികളുടെ എക്‌സറേ എടുക്കുന്നു. പൊലീസ് പിടിച്ച സ്വർണക്കടത്ത് കേസുകൾ കസ്റ്റംസിന് കൈമാറുന്നില്ല എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
കരിപ്പൂർ സ്റ്റേഷനിൽ മാത്രം 170 സ്വർണക്കടത്ത് കേസുകളുണ്ട്. കസ്റ്റംസിന് കൈമാറിയത് കേവലം ആറെണ്ണം മാത്രമാണെന്നും 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയില്‍ നിന്നാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നു.
Karipur goldrush P.V. Anwar

































