Nov 20, 2025 12:24 PM

പത്തനംതിട്ട: ( www.truevisionnews.com ) ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് പറഞ്ഞു. രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും കഴിഞ്ഞദിവസത്തെ തിരക്കില്‍ ദര്‍ശനം ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദഹം വ്യക്തമാക്കി. പൊലീസിലോ നേരിട്ട് അദ്ദേഹത്തയോ ബന്ധപ്പെട്ടാല്‍ മതിയെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ നാലു ദിവസം മാത്രമാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ വന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ ദിവസം 29,000 പേരാണ് ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യ ദിവസം അമ്പത്തയായ്യിരം പേരാണ് ദര്‍ശനം നടത്തിയത്.

ക്രമാതീതമായി ഇത്രയും ആളുകള്‍ സാധാരണ ഉണ്ടാവാറില്ല. ആളുകള്‍ കൂടിയപ്പോള്‍ അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തര്‍ ക്യൂ ഭേദിച്ച് കാനനപാതയിലൂടെ ദര്‍ശനം നേടാനുള്ള ശ്രമം നടത്തി.

ഈ രണ്ട് കാര്യങ്ങള്‍ വെല്ലുവിളിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ സമാധാനപരമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയും പകലുമില്ലാതെ പൊലീസ് സേവനം ഉറപ്പാക്കുന്നുണ്ട്. പലദിവസങ്ങളില്‍ ബുക്ക് ചെയ്തിട്ട്, ദിവസം മാറി ദര്‍ശനത്തിനെത്തുന്നവര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

വിര്‍ച്വല്‍ ക്യു ബുക്ക് ചെയ്തവ അയ്യപ്പന്മാര്‍ അതേ ദിവസം തന്നെ ദർശനത്തിന് എത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തില്‍ ദിവസം മാറി എത്തിയവരുടെ എണ്ണം ഇരുപത്തിയയ്യായിരത്തോളമായിരുന്നു.

ഈ തിരക്കിനൊപ്പം കാനനപാതയിലൂടെ കയറിയ ആളുകള്‍ ക്യൂവില്‍ കയറാന്‍ ശ്രമിച്ചത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. വിര്‍ച്വല്‍ ക്യൂ പാസ് ഉണ്ടായിട്ടും ദര്‍ശനം കിട്ടിയില്ലെന്ന് ബോധ്യപ്പെടുത്തുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനെട്ടാം പടി മുതല്‍ മരക്കൂട്ടം വരെ 18,000 ഭക്തര്‍ക്കേ ക്യു നില്‍ക്കാന്‍ സാധിക്കു. ശബരിമലയില്‍ ഒരുക്കങ്ങള്‍ പാളിയിട്ടില്ല. ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഒരു നേരം ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. വരുന്നവര്‍ തിരിച്ചുപോകുമെന്ന പ്രതീക്ഷിയിലാണ് സജ്ജീകരണങ്ങള്‍.

ആളുകള്‍ക്ക് പടിതൊട്ട് തൊഴുവാന്‍ കഴിയില്ലെന്ന പരാതിയും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അത്തരം രീതികള്‍ കാത്തുനില്‍ക്കുന്ന മറ്റ് ഭക്തരുടെ ദർശനത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിര്‍ച്വല്‍ ക്യു ബുക്കിങ്ങിന് പമ്പയിലല്ല അയ്യപ്പന്മാര്‍ കാത്തുനില്‍ക്കേണ്ടത് മറിച്ച് നിലയ്ക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ക്യു പാസ് കൈയ്യിലുള്ളവര്‍ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായാല്‍ പമ്പയിലാകണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ വെള്ളം വിതരണം ചെയ്യുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Crowding at Sannidhanam under control, says Chief Police Coordinator

Next TV

Top Stories










News Roundup