കോഴിക്കോട് : (https://truevisionnews.com/) നിയമം ലംഘിച്ച് അമിത വേഗത്തിലെത്തിയ ബസ് പൊലീസ് പരിശോധനയ്ക്കായി നിർത്തിയപ്പോൾ ഡ്രൈവർ ഇറങ്ങി ഓടി.
മറ്റൊരു വാഹനത്തെ മറികടക്കാനായി അമിത വേഗതയിൽ എത്തിയ ബസിനെ ട്രാഫിക് പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു. വാഹനം നിർത്തി ലൈസെൻസ് ചോദിച്ചതോടെയാണ് ഡ്രൈവർ ഇറങ്ങിയോടിയത്.
ബസ് ഡ്രൈവറായ നോർത്ത് ബേപ്പൂർ സ്വദേശി രായിക്കിയാണ് ഇറങ്ങി ഓടിയത് . ഡ്രൈവർ ഓടിയതോടെ പെരുവഴിയിലായ യാത്രക്കാരെ ട്രാഫിക് പോലീസ് തന്നെ മറ്റൊരു ബസിൽ കയറ്റി വിട്ടശേഷം ബസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഇറങ്ങി ഓടിയ ഡ്രൈവർക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2.25 ന് മെഡിക്കൽ കോളജ് ജംക്‌ഷനിലാണ് സംഭവം.
മെഡിക്കൽ കോളജ് ജംക്‌ഷനിൽ നിന്ന് മാറാട് ബീച്ചിലേക്ക് സർവീസ് നടത്തുന്ന 'അസാറൊ' ബസാണ് ജംക്‌ഷനിൽ അമിത വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ചത്.
എസ്ഐ ഡ്രൈവർ രായിക്കിന് സമീപത്തെത്തി ലൈസൻസ് ആവശ്യപ്പെട്ടു. 'ഇപ്പോൾ തരാം' എന്ന് അറിയിച്ച് ഡ്രൈവർ യാത്രക്കാർ ഇറങ്ങുന്ന വാതിൽ തുറന്ന് കടന്നുകളഞ്ഞു. പൊലീസ് പിന്തുടരാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ഓടിമറഞ്ഞു.
തുടർന്ന് പൊലീസ് കണ്ടക്ടറെ ചോദ്യം ചെയ്തതിൽ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമായി. ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഡ്രൈവർക്കെതിരെ മാറാട്, വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Police check bus in Kozhikode for speeding, violating traffic laws

































